രണ്ടാം പിണറായി സര്‍ക്കാരില്‍ ഒരിക്കല്‍പോലും ടീം എല്‍ഡിഎഫ് എന്ന വികാരം ഉണ്ടായില്ല : വിമർശനവുമായി ആര്‍ജെഡി ജില്ലാ നേതൃയോഗം

കോട്ടയം: രണ്ടാം പിണറായി സര്‍ക്കാരില്‍ ഒരിക്കല്‍പോലും ടീം എല്‍ഡിഎഫ് എന്ന വികാരം മുന്നണി നേതൃത്വത്തില്‍ നിന്നും ഉണ്ടായിട്ടില്ലെന്നും ഇത് തെരഞ്ഞെടുപ്പ് പരാജയത്തിന്റെ പ്രധാന കാരണങ്ങളില്‍ ഒന്നാണന്നും ആര്‍ജെഡി ജില്ലാ നേതൃയോഗം വിലയിരുത്തി.
സോഷ്യലിസ്റ്റ് ആശയാടിത്തറയില്‍ നിലകൊള്ളുന്നതും കേരളത്തില്‍ ഒട്ടേറെ നിയോജക മണ്ഡലങ്ങളില്‍ സംഘടനാശക്തി ഉള്ളതുമായ ആര്‍ജെഡിയെ കഴിഞ്ഞ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താതെ മുന്നണി നേതൃത്വം അവഗണിക്കുകയും അപമാനിക്കുകയും ചെയ്തു. ഈ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വിരുദ്ധതരംഗം അതിശക്തമായി ആഞ്ഞടിച്ചപ്പോഴും ആര്‍ജെഡിക്ക് നിയമസഭയില്‍ പ്രാതിനിധ്യം ഉണ്ടായത് പാര്‍ട്ടിക്ക് ചില മേഖലകളില്‍ ഇന്നും ഉള്ള സ്വാധീനം തെളിയിക്കുന്നതാണ്.
കോട്ടയം ജില്ലയില്‍ തൃതല പഞ്ചായത്തു തെരഞ്ഞെടുപ്പില്‍ രണ്ടോ മൂന്നോ കക്ഷികള്‍ക്കു മാത്രം മത്സരിക്കാന്‍ അവസരം നല്‍കി എല്‍ഡിഎഫ് നേതൃത്വം മുന്നണിയെ ദുര്‍ബല പ്പെടുത്തിയപ്പോള്‍ തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി ഉണ്ടായി. മുന്നണിയിലെ ഘടക കക്ഷികളെ ദുര്‍ബലപ്പെടുത്തിയാല്‍ അതു തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ തിരിച്ചടിയാകുമെന്ന വസ്തുതയാണ് 2026-ലെ തെരഞ്ഞെടുപ്പ് ഫലം എല്‍ഡിഎഫിന് നല്‍കുന്ന ഗുണപാഠമെന്ന് യോഗം ചൂണ്ടിക്കാട്ടി.

Advertisements

എം.പി വീരേന്ദ്രകുമാര്‍ അനുസ്മരണം:
സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ സമുന്നത നേതാവും ഗ്രന്ഥകാരന്‍, വാഗ്മി പരിസ്ഥിതി സ്‌നേഹി ഭരണാധികാരി എന്നീ നിലകളില്‍ ശ്രദ്ധേയനുമായിരുന്ന എം.പി. വീരേന്ദ്രകുമാറിന്റെ 6 -ാം ചരമ വാര്‍ഷിക ദിനമായ മെയ് 28 ന് ആര്‍ജെഡി സംസ്ഥാന കമ്മറ്റി കോഴിക്കോട് വെച്ച് നടത്തുന്ന അനുസ്മരണ സമ്മേളനത്തില്‍ ജില്ലയില്‍ നിന്നും 50 പേര്‍ പങ്കെടുക്കും. 28 മുതല്‍ പരിസ്ഥിതി ദിനമായ ജൂണ്‍ 5 വരെ അനുസ്മരണ വാരമായി ആചരിച്ച് പാര്‍ട്ടിയുടെയും പോഷക സംഘടനകളുടേയും നേതൃത്വത്തില്‍ ജില്ലയില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കും. ജൂണ്‍ 5 ന് പരിസ്ഥിിതി ദിനത്തില്‍ ജില്ലയിലെ 9 നിയോജകമണ്ഡലങ്ങളിലായി ആയിരം വൃക്ഷ തൈകള്‍ നടും. ഇതിന്റെ ജില്ലാതല ഉത്ഘാടനം ജൂണ്‍ 4ന് കോട്ടയത്ത് ആര്‍ജെഡി സംസ്ഥാന പ്രസിഡന്റ് എം.വി ശ്രേയാംസ് കുമാര്‍ നിര്‍വ്വഹിക്കും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ആര്‍ജെഡി ജില്ലാ പ്രസിഡന്റ് സണ്ണി തോമസ് നേതൃയോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാനകമ്മറ്റി അംഗം അഡ്വ. ബെന്നി കുര്യന്‍, റ്റി.എസ്. റഷീദ്, ജോസ് മടുക്കകുഴി,
ഏ.വി. ജോര്‍ജ്കുട്ടി, ജോര്‍ജ് മാത്യു, ബെന്നി സി. ചീരഞ്ചിറ, ജോണ്‍ മാത്യു മൂലയില്‍,
എം കെ. അനില്‍കുമാര്‍, കെ.ആര്‍. മനോജ് കുമാര്‍, റിജോ പാദുവ , ജോയി പരുന്തനോലില്‍, പ്രിന്‍സ് തോട്ടത്തില്‍ എന്നിവര്‍ പ്രസംഗിച്ചു.

Hot Topics

Related Articles