തലശ്ശേരി:മകളുടെ വിവാഹം നടത്താനായി നാട്ടിലെത്തിയ പ്രവാസിയെ മാലമോഷണക്കേസിൽ കുടുക്കി അന്യായമായി ജയിലിലടച്ച സംഭവത്തിൽ പൊലീസിന്റെ ഗുരുതര വീഴ്ചയുണ്ടായതായി ഹൈക്കോടതി. സംഭവത്തിൽ ഇരയായ പ്രവാസിക്ക് 10 ലക്ഷം രൂപയും ഭാര്യക്കും മൂന്ന് മക്കൾക്കും ഓരോ ലക്ഷം രൂപ വീതവും നൽകാൻ ഹൈക്കോടതി ഉത്തരവിട്ടു. തലശ്ശേരി ഈസ്റ്റ് കതിരൂർ സ്വദേശിയും ഖത്തറിൽ ‘റെന്റ് എ കാർ’ ബിസിനസ് നടത്തിയിരുന്നയാളുമായ വി.കെ. താജുദീനാണ് പൊലീസ് നടപടികളുടെ ഇരയായത്. ജസ്റ്റിസ് പി.എം. മനോജ് ആണ് നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടത്.
കണ്ണൂർ ചക്കരക്കൽ സ്റ്റേഷനിലെ എസ്ഐയും നിലവിൽ കണ്ണൂർ ട്രാഫിക് പൊലീസ് സ്റ്റേഷൻ എസ്ഐയുമായ പി. ബിജു, ചക്കരക്കൽ സ്റ്റേഷനിലെ എഎസ്ഐമാരായിരുന്ന യോഗേഷ്, ടി. ഉണ്ണികൃഷ്ണൻ എന്നിവരിൽ നിന്ന് പിഴത്തുക ഈടാക്കണമെന്നും കോടതി നിർദേശിച്ചു.എന്നാൽ തുക ആദ്യം സർക്കാർ നൽകണമെന്നും ഉത്തരവിൽ പറയുന്നു. ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ സിവിൽ കോടതിയെ സമീപിക്കാനും പരാതിക്കാർക്ക് അവകാശമുണ്ടെന്ന് കോടതി വ്യക്തമാക്കി.2018 ജൂൺ 25നാണ് താജുദീൻ മകളുടെ വിവാഹത്തിനായി 15 ദിവസത്തെ അവധിയുമായി നാട്ടിലെത്തിയത്. ജൂലൈ 11ന് ബന്ധുവീട്ടിൽ നിന്ന് കുടുംബത്തോടൊപ്പം മടങ്ങുന്നതിനിടെ റോഡിൽ കുടുങ്ങിക്കിടന്ന പൊലീസ് ജീപ്പ് ശ്രദ്ധയിൽപ്പെട്ടതോടെ പൊലീസ് സഹായം അഭ്യർത്ഥിച്ചു. വാഹനത്തിലുണ്ടായിരുന്നവർ ഇറങ്ങി ജീപ്പ് തള്ളിയെങ്കിലും നടുവേദനയുണ്ടായതിനാൽ താജുദീൻ കാറിൽ നിന്നിറങ്ങിയില്ല.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇത് ചോദ്യം ചെയ്ത പൊലീസുകാർ താജുദീനോട് കുറ്റവാളിയോടുള്ള രീതിയിൽ പെരുമാറുകയും കാറിൽ നിന്ന് വലിച്ചിറക്കി പരസ്യമായി അപമാനിക്കുകയും ചെയ്തു. ഫോട്ടോയെടുത്ത ശേഷം ‘കള്ളനാണ്’ എന്ന പ്രഖ്യാപനവുമുണ്ടായി. ഒരാഴ്ച മുമ്പ് നടന്ന മാലമോഷണ കേസിലെ സിസിടിവി ദൃശ്യങ്ങൾ കാട്ടി, അതിലെ പ്രതി താജുദീനാണെന്ന ആരോപണം ഉന്നയിച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.കുടുംബാംഗങ്ങളുടെ മുന്നിൽ വസ്ത്രമഴിപ്പിച്ച് നിർത്തുകയും, അർധരാത്രിയിൽ മുഴുവൻ കുടുംബത്തെയും സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തുകയും ചെയ്തു. തെളിവെടുപ്പിന്റെ പേരിൽ നാട്ടുകാരുടെയും ബന്ധുക്കളുടെയും മുന്നിൽ അപമാനിക്കപ്പെട്ടു. ഇതിന്റെ തുടർച്ചയായി 54 ദിവസമാണ് താജുദീനു ജയിലിൽ കഴിയേണ്ടിവന്നത്. ഹൈക്കോടതിയിൽ നിന്നാണ് പിന്നീട് ജാമ്യം ലഭിച്ചത്.
നിയമപോരാട്ടങ്ങൾക്കൊടുവിൽ യഥാർത്ഥ പ്രതിയെ പൊലീസ് പിടികൂടിയെങ്കിലും അതുവരെ താജുദീന്റെ ജീവിതവും തൊഴിലും തകർന്നിരുന്നു. ഖത്തറിലെ ബിസിനസും ജോലി അവസരങ്ങളും നഷ്ടമായതോടെ ഏകദേശം നാല് കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് താജുദീന്റെ വാദം. “നഷ്ടപ്പെട്ട ജീവിതം തിരികെ കിട്ടില്ലെങ്കിലും നീതി ലഭിച്ചതിൽ ആശ്വാസമുണ്ട്” എന്നാണ് കോടതി വിധിയെത്തുടർന്ന് താജുദീൻ പ്രതികരിച്ചത്.


