കോട്ടയം :വിജയദശമി ദിനമായ നാളെ പനച്ചിക്കാട് ദക്ഷിണ മൂകാംബിക്ഷേത്രത്തിൽ വിദ്യാരംഭച്ചടങ്ങുകൾ ഭക്തിനിർഭരമായി നടക്കും. പുലർച്ചെ 4 മുതൽ വൈകിട്ട് 4 വരെ നടക്കുന്ന ചടങ്ങിൽ ആയിരക്കണക്കിന് മാതാപിതാക്കൾ കുഞ്ഞുങ്ങളെ കൂട്ടിക്കൊണ്ടെത്തി അക്ഷരഗംഗയിൽ നീരാടി അഭിഷ്ടവർദായിനിയായ അമ്മയുടെ സന്നിധിയിൽ ആദ്യാക്ഷരം കുറിക്കും.സരസ്വതീനടയ്ക്കു സമീപം എഴുത്തിനിരുത്തിനായി പ്രത്യേക മണ്ഡപം ഒരുക്കിയിട്ടുണ്ട്. ചടങ്ങുകൾക്ക് 56 ഗുരുക്കന്മാരാണ് നേതൃത്വം നൽകുന്നത്. എഴുത്തിനിരുത്തിനുശേഷം ഭക്തർക്ക് വിഷ്ണുനടയിൽ തൊഴുതു മടങ്ങാനുള്ള ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.
ക്ഷേത്രത്തിലെ പ്രത്യേക പരിപാടികൾ
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സരസ്വതീനടയിൽ സാരസ്വത സൂക്തജപം – രാവിലെ 6 മണി
വിഷ്ണുനടയിൽ പുരുഷസൂക്താർച്ചന -രാവിലെ 6 മണി
കലാമണ്ഡപത്തിൽ
5.00 : മാനസജപലഹരി – പ്രശാന്ത് വർമ (കോഴിക്കോട്)
6.30–8.30 : സംഗീത സദസ്സ്
9.00 : വയലിൻ സോളോ
9.30–12.40 : സംഗീതം
12.50 : വയലിൻ
1.20 : മൃദംഗം
1.40–3.40 : ഭരതനാട്യം
3.50 : മോഹിനിയാട്ടം
7.00 : ശാസ്ത്രീയ നൃത്തം
7.30, 8.30 : ഭരതനാട്യം
9.30, 10.30 : ശാസ്ത്രീയ നൃത്തം
11.30 : ഭരതനാട്യം
ക്ഷേത്രത്തിന്റെ വിശിഷ്ടതകൾ
ആയിരത്തിലേറെ വർഷം പഴക്കമുള്ള മഹാവിഷ്ണു ക്ഷേത്രമാണ് പനച്ചിക്കാട് മൂകാംബിക്ഷേത്രം. പ്രധാന പ്രതിഷ്ഠ മഹാവിഷ്ണുവിന്റേതാണെങ്കിലും, സരസ്വതിദേവിയുടെ സാന്നിധ്യം കൊണ്ടാണ് ക്ഷേത്രം പ്രശസ്തി നേടിയത്.ഒരിക്കലും വറ്റാത്ത നീരുറവയുള്ള സരസ്സിലാണ് സരസ്വതീപ്രതിഷ്ഠ. വേനൽ, മഴക്കാലങ്ങളിൽ പോലും ജലനിരപ്പിൽ വ്യത്യാസമില്ലാത്തത് ക്ഷേത്രത്തിന്റെ വിസ്മയകരമായ പ്രത്യേകതയാണ്. ഒരിക്കലും വാടാത്ത സരസ്വതീലതയും ഇവിടെ കാണാം.ഗണപതി, ശിവൻ, അയ്യപ്പൻ, നാഗദേവതകൾ, ബ്രഹ്മരക്ഷസ്, യക്ഷി എന്നിവയ്ക്കും ഇവിടെ പ്രതിഷ്ഠയുണ്ട്. മൂകാംബികാദേവി ഭജനക്കാരനൊപ്പം ഓലക്കുടയിൽ എത്തിയെന്നാണ് ഐതിഹ്യം.
എത്തിച്ചേരാൻ വഴികൾ
എംസി റോഡിലൂടെ വരുന്നവർ:ചിങ്ങവനം- ഞാലിയാകുഴി – പരുത്തുംപാറ വഴി എത്താം.
തെങ്ങണ-പുതുപ്പള്ളി റോഡ് വഴി വരുന്നവർ ഇരവിനല്ലൂരിൽ നിന്ന് ഇടത്തേക്ക് തിരിഞ്ഞ് കച്ചേരിക്കവല വഴി എത്താം.
പുതുപ്പള്ളി-ഞാലിയാകുഴി റോഡ് വഴി വരുന്നവർ അമ്പാട്ടുകടവ് – പാറയ്ക്കൽകടവ് – ചോഴിയക്കാട് വഴി എത്താം.
നവരാത്രി കാലത്ത് കലാകാരന്മാരും സാഹിത്യകാരന്മാരും സരസ്വതിമണ്ഡപത്തിൽ കലാപരിപാടികൾ അവതരിപ്പിച്ച് അമ്മയുടെ അനുഗ്രഹം തേടുന്നത് പതിവാണ്. ശരീരവും വാക്കും മനസ്സും പാകപ്പെടുത്താനുള്ള ദൈവികാനുഭവമാണ് ഇവിടെ ഭക്തർക്ക് ലഭിക്കുന്നതെന്ന് വിശ്വാസം.


