ലണ്ടൻ :യുകെയിലെ നോട്ടിങ്ങാം മാൻസ്ഫീൽഡിൽ എറണാകുളം പഴങ്ങനാട് സ്വദേശിയായ സെബിൻ രാജ് വർഗീസിനെ (42) മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് (ശനിയാഴ്ച) രാവിലെ യുകെ സമയം എട്ട് മണിയോടെയാണ് സെബിനെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.മാൻസ്ഫീൽഡ് കിങ്സ് മിൽ എൻ.എച്ച്.എസ്. ഹോസ്പിറ്റലിൽ നേഴ്സ് ആയി ജോലി ചെയ്തുവരികയായിരുന്നു സെബിൻ. ജോലിക്ക് എത്താതിരുന്നതിനെ തുടർന്ന് ഹോസ്പിറ്റൽ അധികൃതർ നടത്തിയ അന്വേഷണത്തിലാണ് സംഭവം വെളിവായത്.സ്കൂൾ അവധി ദിനമായതിനാൽ മുൻകൂട്ടി നിശ്ചയിച്ചിരുന്ന കുട്ടികളുടെ ‘സ്ലീപ്പോവർ’ പരിപാടിയിൽ പങ്കെടുക്കാൻ ഭാര്യ റെയ്സയും മക്കളായ അനേയ സെബിൻ, അലോസ സെബിൻ എന്നിവർ കഴിഞ്ഞ ദിവസം മറ്റൊര് വീട്ടിൽ താമസിച്ചിരുന്നു. ജോലിക്ക് പോകേണ്ടതിനാൽ സെബിൻ വീട്ടിലായിരുന്നു.
സെബിൻ ഫോൺ സ്വീകരിക്കാതിരുന്നതിനെ തുടർന്ന് ഭാര്യ വീട്ടിലെത്തിയപ്പോൾ വാതിൽ തുറന്നത്; കട്ടിലിൽ മരിച്ച നിലയിലാണ് സെബിനെ കണ്ടെത്തിയത്. ഉറക്കത്തിനിടെ ഹൃദയാഘാതം മൂലമായിരിക്കാമെന്ന് പ്രാഥമിക നിഗമനം.2016ലാണ് സെബിൻ യുകെയിൽ എത്തിയത്. മാൻസ്ഫീൽഡ് വിക്ടോറിയസ് ക്രിക്കറ്റ് ക്ലബ്ബിലെ സജീവ അംഗമായിരുന്നു അദ്ദേഹം. മികച്ച ക്രിക്കറ്റ് താരമായും സെബിനെ സുഹൃത്തുക്കൾ ഓർക്കുന്നു.


