ന്യൂഡൽഹി :ഉന്നാവ് ബലാത്സംഗക്കേസിലെ പ്രതിയായ ബിജെപി മുൻ എംഎൽഎ കുൽദീപ് സെൻഗാറിന് ആശ്വാസം നൽകുന്ന ഹൈക്കോടതി ഉത്തരവിന് സുപ്രീം കോടതി സ്റ്റേ നൽകി. സെൻഗാറിന്റെ ജീവപര്യന്തം ശിക്ഷ മരവിപ്പിക്കുകയും ജാമ്യം അനുവദിക്കുകയും ചെയ്ത ഹൈക്കോടതി ഉത്തരവാണ് സുപ്രീം കോടതി റദ്ദാക്കിയത്. സിബിഐ നൽകിയ അപ്പീലിലാണ് സുപ്രീം കോടതിയുടെ നിർണായക ഇടപെടൽ.ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ അവധിക്കാല പ്രത്യേക ബെഞ്ചാണ് കേസ് അടിയന്തര പ്രാധാന്യം കണക്കിലെടുത്ത് പരിഗണിച്ചത്. കേസ് അന്വേഷിച്ച സിബിഐ സമർപ്പിച്ച അപ്പീലിനൊപ്പം രണ്ട് വനിതാ അഭിഭാഷകർ നൽകിയ പൊതുതാൽപര്യ ഹർജിയും കോടതി പരിഗണിച്ചു.സുപ്രീം കോടതിയുടെ ഇടപെടൽ അതിജീവിതയ്ക്ക് വലിയ ആശ്വാസമായി.
കോടതി വിധിയിൽ സന്തോഷമുണ്ടെന്ന് അതിജീവിത പ്രതികരിച്ചു. സുപ്രീം കോടതിക്ക് നന്ദിയുണ്ടെന്നും നീതി ഉറപ്പായെന്നും അതിജീവിതയുടെ അഭിഭാഷകയും അറിയിച്ചു.സെൻഗാറിന് ജാമ്യം അനുവദിച്ച ഹൈക്കോടതി ഉത്തരവിനെതിരെ അതിജീവിതയും മാതാവും ശക്തമായ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. കഴിഞ്ഞ ദിവസം ജന്തർമന്തറിൽ നടത്തിയ സമരത്തിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ഇരുവരെയും ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ രാജ്യവ്യാപകമായി ശക്തമായ പ്രതിഷേധങ്ങളും ഉയർന്നിരുന്നു.കുൽദീപ് സെൻഗാറിന് ജാമ്യം അനുവദിച്ചതിനെതിരെ അതിജീവിതയുടെ അമ്മ ഡൽഹി ഹൈക്കോടതിക്ക് മുന്നിലും പ്രതിഷേധം നടത്തിയിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
‘പീഡനവീരന്മാരെ സംരക്ഷിക്കുന്നത് അവസാനിപ്പിക്കുക’ എന്ന സന്ദേശമുള്ള പ്ലക്കാർഡുകൾ ഉയർത്തിയായിരുന്നു പ്രതിഷേധം.2017ൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലാണ് സെൻഗാറിനെ വിചാരണ കോടതി ജീവപര്യന്തം തടവിനും 25 ലക്ഷം രൂപ പിഴയ്ക്കും ശിക്ഷിച്ചത്. പീഡനത്തിനു ശേഷം 60,000 രൂപയ്ക്ക് പെൺകുട്ടിയെ വിറ്റുവെന്ന ഗുരുതരമായ കണ്ടെത്തലുകളും കേസിലുണ്ടായിരുന്നു. തുടർന്ന് പൊലീസ് സ്റ്റേഷനിൽ നിന്നാണ് പെൺകുട്ടിയെ കണ്ടെത്തിയത്.കേസിന്റെ നിഷ്പക്ഷ അന്വേഷണം ഉറപ്പാക്കാൻ സുപ്രീം കോടതി ഇടപെട്ട് വിചാരണ ഉത്തർപ്രദേശിൽ നിന്ന് ഡൽഹിയിലേക്ക് മാറ്റുകയായിരുന്നു.


