വാഷിങ്ടൺ: സൗദി അറേബ്യയ്ക്ക് എഫ്-35 യുദ്ധവിമാനങ്ങൾ വിൽക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ യുഎസ് സന്ദർശനത്തിന് മുന്നോടിയായാണ് ട്രംപിന്റെ പ്രഖ്യാപനം. ഏഴ് വർഷത്തിന് ശേഷമാണ് സൗദി കിരീടാവകാശി അമേരിക്ക സന്ദർശിക്കുന്നത്.സൗദിക്ക് എഫ്-35 ജെറ്റ് കൈമാറുമോ എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് “ഞങ്ങൾ അത് ചെയ്യും… ഞങ്ങൾ എഫ്-35 വിമാനങ്ങൾ വിൽക്കും” എന്നാണ് ട്രംപിന്റെ മറുപടി.
അതേസമയം, അടുത്തിടെയാണ് സൗദിക്ക് യുദ്ധവിമാനങ്ങൾ നൽകാനുള്ള കാര്യം പരിഗണനയിലുണ്ടെന്ന് ട്രംപ് സൂചന നൽകിയത്.എഫ്-35 വിമാനങ്ങൾ കൈമാറുന്നത് സൗദി ഇസ്രായേൽ നയതന്ത്ര ബന്ധം തുടങ്ങുന്നതിന് വിധേയമാക്കണമെന്ന നിലപാട് ഇസ്രായേൽ യുഎസിനെ അറിയിച്ചിട്ടുണ്ടെന്നതാണ് റിപ്പോർട്ടുകളുടെ ഉള്ളടക്കം. പ്രാദേശിക സുരക്ഷാ സഹകരണത്തിന്റെ ഭാഗമായി മാത്രമേ ഈ ഇടപാട് നടക്കാവൂവെന്നതാണ് ഇസ്രായേലിന്റെ ആവശ്യം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതോടൊപ്പം, യുഎസ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഇൻഫ്രാസ്ട്രക്ചറിൽ നിരവധി കോടി ഡോളർ നിക്ഷേപിക്കാൻ സൗദി തയ്യാറാകുന്നുവെന്നാണ് റിപ്പോർട്ടുകൾ. ആണവോർജം ഉൾപ്പെടെയുള്ള പുതിയ സഹകരണ കരാറുകളുടെ വിശദാംശങ്ങൾ ഉടൻ പുറത്തുവിടുമെന്നും വൈറ്റ് ഹൗസ് വൃത്തങ്ങൾ പറയുന്നു. ഔദ്യോഗിക പ്രഖ്യാപനത്തിന് മുമ്പ് അഭിപ്രായം പറയാനുള്ള അധികാരം ഇല്ലെന്ന് സൂചിപ്പിച്ചുകൊണ്ട് ഒരു ഉന്നത ഉദ്യോഗസ്ഥൻ ഇതുസംബന്ധിച്ച സൂചന നൽകിയതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.


