പമ്പ:ശബരിമല ദർശനത്തിനായി ഇന്ന് രാവിലെ തന്നെ വൻ ഭക്തജന തിരക്കാണ് അനുഭവപ്പെട്ടത്. രാവിലെ 5.45-ഓടെ മരക്കൂട്ടം വരെ നീണ്ട ക്യൂ രൂപപ്പെട്ടിരുന്നു. നിലയ്ക്കൽ പാർക്കിങ് ഗ്രൗണ്ടിൽ വാഹനങ്ങൾ നിറഞ്ഞതിനെ തുടര്ന്ന് ദർശനം കഴിച്ച തീർഥാടകർ ഉടൻ തന്നെ പമ്പയിലേക്കു മലയിറങ്ങുകയും ചെയ്തു.തീർഥാടകരുടെ ഗതാഗതസൗകര്യത്തിനായി കെഎസ്ആർടിസി ആദ്യഘട്ടത്തിൽ 450 ബസുകൾ ഏർപ്പെടുത്തിയിരുന്നു. നിലയ്ക്കൽ–പമ്പ ചെയിൻ സർവീസിന് ഓരോ മിനിറ്റിലും മൂന്നു ബസുകൾ പുറത്തിറക്കിയിട്ടുണ്ട്. ഭക്തജന തിരക്ക് കൂടുന്നതിന് അനുസരിച്ച് അധിക സർവീസുകളും ക്രമീകരിച്ചിട്ടുണ്ട്.
മണ്ഡല-മകരവിളക്ക് തീർഥാടനത്തിന് നട തുറന്ന ആദ്യത്തെ രണ്ട് ദിവസങ്ങളിലുണ്ടായ കൂടിയ തിരക്കിനെ തുടർന്ന് പമ്പ–നിലയ്ക്കൽ ചെയിൻ സർവീസിനായി മാത്രമായി 202 ബസുകളാണ് നിയോഗിച്ചിരിക്കുന്നത്. ലോ ഫ്ലോർ എസി, നോൺ എസി ബസുകൾ ഉൾപ്പെടെ സംസ്ഥാനത്തെ വിവിധ ഡിപ്പോകളിൽനിന്നും 248 ദീർഘദൂര സർവീസുകളും പമ്പയിലേക്കു നടത്തുന്നു. തിരുവനന്തപുരം, പത്തനംതിട്ട, ചെങ്ങന്നൂർ, കോട്ടയം, എറണാകുളം, എരുമേലി, കുമളി, കൊട്ടാരക്കര എന്നിവിടങ്ങളിൽ നിന്നാണ് പ്രധാന സർവീസുകൾ. ചെങ്ങന്നൂർ, തിരുവല്ല, കോട്ടയം റെയിൽവേ സ്റ്റേഷനുകളിൽനിന്നും പ്രത്യേക ബസ് സർവീസുകൾ ലഭ്യമാണ്.നിലയ്ക്കൽ–പമ്പ ചെയിൻ സർവീസിനായി 350 ഡ്രൈവർമാരെയും കണ്ടക്ടർമാരെയും നിയോഗിച്ചിരിക്കുകയാണ്. സ്റ്റാൻഡിലെ പ്രവർത്തന നിയന്ത്രണത്തിനായി 95 ജീവനക്കാരെയും നിയമിച്ചിട്ടുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വാഹനങ്ങളുടെ അറ്റകുറ്റപ്പണികൾക്കായി പമ്പയിൽ മെക്കാനിക് ഗാരേജ് പ്രവർത്തിക്കുന്നു. പമ്പ, നിലയ്ക്കൽ, പ്ലാപ്പള്ളി, പെരുനാട് എന്നിവിടങ്ങളിൽ സഞ്ചരിക്കുന്ന വർക്ഷോപുകളും ക്രമീകരിച്ചിരിക്കുന്നു. ആംബുലൻസ് സൗകര്യവും കെഎസ്ആർടിസി ഒരുക്കിയിട്ടുണ്ട്.സന്നിധാനത്തേക്കുള്ള രണ്ട് കാനനപാതകളും ഇന്നലെ തുറന്നു. സമയ നിയന്ത്രണത്തോടെയാണ് തീർഥാടനം അനുവദിക്കുന്നത്. എരുമേലി–പെട്ടതുള്ളി–കാളകെട്ടി–അഴുത–കരിമല വഴിയാണ് പ്രധാന കാനനപാത. പുല്ലുമേട് വഴി സന്നിധാനത്തേക്ക് എത്തുന്ന രണ്ടാം പാതയും കാട് തെളിച്ചാണ് വനപാലകർ തുറന്നുകൊടുത്തത്. രണ്ടു പാതകളും രാവിലെ 7 മുതൽ ഉച്ചയ്ക്ക് 1 വരെ മാത്രമാണ് പ്രവർത്തിക്കുന്നത്.
വഴിയിലുണ്ടാകാവുന്ന വന്യമൃഗ ശല്യത്തെ തുടർന്ന് വനപാലകരുടെ സംഘം ആദ്യ തീർഥാടന സംഘത്തിന് മുന്നിൽ നീങ്ങും. അഴുതക്കടവ്, കോയിക്കൽകാവ് എന്നിവിടങ്ങളിൽ വനംവകുപ്പിന്റെ ചെക്പോസ്റ്റുകൾ പ്രവർത്തിക്കുന്നു. ഉച്ചയ്ക്ക് 1 ന് ശേഷം കരിമല പാതയിലേക്കുള്ള പ്രവേശനം നിഷേധിക്കും. സന്ധ്യയ്ക്കുമുൻപ് സുരക്ഷിത താവളങ്ങളിൽ എത്തണമെന്ന് നിർദേശമുണ്ട്. വൈകുന്നേരം 5ന് ശേഷം കാടിനുള്ളിൽ ലൈറ്റിംഗ് കുറഞ്ഞതിനാൽ കൂടുതൽ നിയന്ത്രണങ്ങളും ബാധകമാണ്.പുല്ലുമേട് പാതയും ഇതേ നിയന്ത്രണങ്ങൾക്കൊപ്പം പ്രവർത്തിക്കുന്നു. ഈ പാത വന്യമൃഗ ശല്യം കൂടുതലുള്ളതിനാൽ തീർഥാടകർ വൈകിട്ട് 5ന് മുമ്പ് സന്നിധാനത്തെ പാണ്ടിത്താവളം ചെക്പോസ്റ്റിൽ റിപ്പോർട്ട് ചെയ്യുന്നുണ്ടോ എന്ന് വനപാലകർ കർശനമായി നിരീക്ഷിക്കുന്നു.


