ഫോട്ടോ:മൂത്തേടത്തുകാവ് ക്ഷേത്രത്തിലെ
മേൽശാന്തി ജയചന്ദ്രൻ പോറ്റി രണ്ടായി പകുത്ത നാളികേരത്തിൽ ശ്രീകോവിലിൽ നിന്നും തെളിയിച്ച ദീപം ക്ഷേത്രത്തിന് മുൻ വശം കൊടിമരത്തിന്റെ ചുവട്ടിൽ ഭക്തർ സമർപ്പിച്ച എരിതേങ്ങയിലേക്ക് പകരുന്നു
വൈക്കം: മൂത്തേടത്ത്കാവിലമ്മ കണ്ണകി ദേവിയായി പാണ്ഡ്യദേശത്തേക്ക് യാത്രയായി. ഭർത്താവായ കോവിലന്റെ സമീപത്തേക്ക് പോകുന്നതായി വിശ്വാസം. വിഷുനാളിൽ രാത്രിയിൽ നടന്ന അരിയേറിന് ശേഷം ക്ഷേത്രനടയടച്ചു. മൂന്ന് മാസങ്ങൾക്ക് ശേഷം കർക്കിടകം ഒന്നിന് ദേവി തിരിച്ചെഴുന്നള്ളുന്നതോടെ നടതുറന്ന് പതിവ് പൂജകളും ദർശനവും പുനരാരംഭിക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പൗരാണികമായി ചിലപ്പതികാരത്തിലെ കണ്ണകിയായുംവൈദിക പരമായി ശ്രീ പരമേശ്വരന്റെ പുത്രി ഭാവത്തിലുമാണ് മൂത്തേടത്തുകാവ് ക്ഷേത്രത്തിലെ പ്രതിഷ്ഠാ സങ്കൽപ്പം.
അത്താഴ പൂജയ്ക്ക് അരിയളന്നതോടെ മേൽശാന്തി ജയചന്ദ്രൻ പോറ്റി രണ്ടായി പകുത്ത നാളികേരത്തിൽ ശ്രീകോവിലിൽ നിന്നും തെളിയിച്ച ദീപം ക്ഷേത്രത്തിന് മുൻ വശം കൊടിമരത്തിന്റെ ചുവട്ടിൽ ഭക്തർ സമർപ്പിച്ച എരിതേങ്ങയിലേക്ക് പകർന്നു. ഭക്തർ സമർപ്പിച്ച ആയിരക്കണക്കിന് നാളികേരം അഗ്നിയിൽ എരിഞ്ഞമർന്നു. തെക്കു പുറത്ത് ഗുരുതിക്ക് ശേഷം മേൽശാന്തി തീർത്ഥം തളിച്ച് എരി തേങ്ങ സമർപ്പണം പൂർത്തിയാക്കി. കണ്ണകിയുടെ കോപാഗ്നിയിൽ മധുരാപുരി കത്തിയമരുന്നതിന്റെ പ്രതീകമാണ് എരി തേങ്ങ സമർപ്പണം.
ചടുലമായ നൃത്തച്ചുവടുകളുമായി വീരഭാവത്തിൽ കയ്യിൽ കടുത്തിലയുമായി ഉറഞ്ഞാടിയ തീയാട്ടുണ്ണി നാലമ്പലത്തിൽ എഴുതിയ ദേവിയുടെ കളം മായ്ച്ച് ക്ഷേത്രത്തിന് വലം വയ്ച്ച് ശ്രീകോവിലിലേക്ക് മൂന്ന് പ്രാവിശ്യം അരിയേറ് നടത്തിയതോടെ ക്ഷേത്ര നടയടഞ്ഞു. ചടങ്ങുകൾക്ക് ഊരാഴ്മക്കാരായഇണ്ടംതുരുത്തിമന നീലകണ്ഠൻ നമ്പൂതിരി, മുരിഞ്ഞൂർ മന വിഷ്ണുനമ്പൂതിരി, ആനത്താനത്ത് ഇല്ലത്ത് വാസുദേവൻ നമ്പൂതിരി, ക്ഷേത്ര കാര്യദർശി ഹരിഹരൻ നമ്പൂതിരി, മുരളിധരൻ നമ്പൂതിരി, വിഷ്ണു നമ്പൂതിരി എന്നിവർ നേതൃത്വം വഹിച്ചു.

