കൊച്ചി: പ്രമുഖ ആഗോള മാധ്യമമായ ദി വാഷിംഗ്ടൺ പോസ്റ്റിന്റെ ഉപദേശക വിഭാഗമായ ‘വാഷിംഗ്ടൺ പോസ്റ്റ് ഇന്റലിജൻസ്’, തങ്ങളുടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് & ടെക്നോളജി കൗൺസിലിലേക്ക് ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സ് മാനേജിംഗ് ഡയറക്ടർ അദീബ് അഹമ്മദിനെ തിരഞ്ഞെടുത്തു.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ), ഡിജിറ്റൽ പരിവർത്തനം എന്നിവയിലൂടെ ആഗോള നയരൂപീകരണത്തിനും വ്യവസായ നവീകരണത്തിനുമായി അന്താരാഷ്ട്ര തലത്തിൽ പ്രവർത്തിക്കുന്ന പ്രമുഖരുടെ കൂട്ടായ്മയാണിത്. ലോകമെമ്പാടുമുള്ള പ്രമുഖ ബിസിനസ്സ് മേധാവികളും സാങ്കേതിക വിദഗ്ധരുമാണ് ഈ കൗൺസിലിൽ ഉള്ളത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഗൾഫ് മേഖലയിൽ നിന്ന് ഈ കൗൺസിലിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യത്തെ ബിസിനസ്സ് നേതാക്കളിൽ ഒരാളാണ് അദീബ് അഹമ്മദ്. എ.ഐ, ഫിൻടെക് എന്നിവയുടെ ആഗോള കേന്ദ്രമായി അതിവേഗം വളരുന്ന ഗൾഫ് രാജ്യങ്ങളുടെ കാഴ്ചപ്പാടുകളും അനുഭവങ്ങളും അന്താരാഷ്ട്ര തലത്തിൽ പങ്കുവെക്കാൻ അദ്ദേഹത്തിന്റെ പങ്കാളിത്തം സഹായിക്കും.
അദീബ് അഹമ്മദിന്റെ നേതൃത്വത്തിൽ ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സ് ജി.സി.സി, ഇന്ത്യൻ ഉപഭൂഖണ്ഡം, ഏഷ്യാ പസഫിക് മേഖലകളിൽ അതിവേഗം വളരുന്ന മുൻനിര സാമ്പത്തിക സേവന ഗ്രൂപ്പുകളിലൊന്നായി മാറിയിട്ടുണ്ട്. ക്രോസ്-ബോർഡർ പേയ്മെന്റുകൾ, ഫിൻടെക് ഇന്നൊവേഷൻ, ഡിജിറ്റൽ സാമ്പത്തിക ഉൾപ്പെടുത്തൽ എന്നിവയിലാണ് കമ്പനി പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
നിയമനത്തെ കുറിച്ച് അദീബ് അഹമ്മദ് പ്രതികരിച്ചു: “മികച്ച സൗകര്യങ്ങളും ആഗോള ബന്ധങ്ങളും ഒത്തുചേരുന്ന ഇടങ്ങളായിരിക്കും ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ഭാവി നിശ്ചയിക്കുക. ദീർഘവീക്ഷണമുള്ള ഭരണാധികാരികളുടെ പിന്തുണയോടെ ജി.സി.സി ഉൾപ്പെടെയുള്ള മിഡിൽ ഈസ്റ്റ് മേഖല ഈ രംഗത്ത് അതിവേഗം മുന്നേറുകയാണ്. ആഗോള ബിസിനസിന്റെയും സാമ്പത്തിക രംഗത്തിന്റെയും കേന്ദ്രമായ ഈ പ്രദേശത്തുനിന്നുള്ള അനുഭവങ്ങൾ ഈ കൗൺസിലിൽ പങ്കുവെക്കാൻ സാധിക്കുന്നതിൽ വലിയ സന്തോഷമുണ്ട്.”


