പൊന്നാനി :ദേശീയപാത 66-ൽ സ്ഥാപിച്ച സിസിടിവി ക്യാമറകൾ പ്രവർത്തനം തുടങ്ങി. ടോൾ പിരിവ് ആരംഭിക്കുന്നതോടെ, ക്യാമറക്കണ്ണിൽപെട്ട നിയമലംഘനങ്ങൾക്ക് പിഴ ചുമത്തും. മലപ്പുറം ജില്ലയിലെ രണ്ട് റീച്ചുകളിലായി മൊത്തം 116 ക്യാമറകളാണ് സജ്ജീകരിച്ചിട്ടുള്ളത്.
ക്യാമറകൾ എല്ലായിടത്തും
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വളാഞ്ചേരി – കാപ്പിരിക്കാട്, ഇടിമുഴിക്കൽ – വളാഞ്ചേരി റൂട്ടുകളിലായി 58 വീതം ക്യാമറകളാണ് സ്ഥാപിച്ചിരിക്കുന്നത്. ഇതിൽ അറുപതോളം 360 ഡിഗ്രി തിരിയുന്ന പിടിസെഡ് ക്യാമറകൾ ആണ്.ഓരോ ഒരു കിലോമീറ്ററിലും ക്യാമറയും, ജംഗ്ഷനുകളിലും എൻട്രി-എക്സിറ്റ് പോയിന്റുകളിലും പ്രത്യേക നിരീക്ഷണ സംവിധാനവുമുണ്ട്.വെട്ടിച്ചിറയും കുറ്റിപ്പുറവും ചേർന്ന് രണ്ട് കൺട്രോൾ റൂമുകൾ പ്രവർത്തനസജ്ജമാണ്. 24 മണിക്കൂറും ജീവനക്കാർ ക്യാമറാ ദൃശ്യങ്ങൾ നിരീക്ഷിക്കും. നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ മോട്ടോർവാഹന വകുപ്പിന് കൈമാറും.
വേഗനിയന്ത്രണത്തിന് ഡിജിറ്റൽ ബോർഡുകൾ
ഓരോ അഞ്ചു കിലോമീറ്ററിലും വാഹനങ്ങളുടെ വേഗം കാണിക്കുന്ന ഡിജിറ്റൽ ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. വേഗപരിധി ലംഘിച്ചാൽ, സ്ക്രീനിൽ ചുവപ്പ് അക്കത്തിൽ വേഗം തെളിയും.
ക്യാമറകൾ പിടികൂടുന്നത് എന്തെല്ലാം?
അമിതവേഗം,റോഡ് മുറിച്ചുകടക്കൽ,ട്രാക്ക് തെറ്റി ഓടിക്കൽ,സീറ്റ് ബെൽറ്റ് ധരിക്കാത്തത്, ഹൈവേയിൽ മൂന്നുമിനിറ്റിലധികം വാഹനം നിർത്തൽ.അപകടങ്ങൾ, തെറ്റായ ദിശയിലേക്ക് വാഹനം ഓടിക്കൽ തുടങ്ങിയവയും വെഹിക്കിൾ ഇൻസിഡന്റ് ഡിറ്റക്ഷൻ സിസ്റ്റം ക്യാമറകൾ രേഖപ്പെടുത്തും.
വേഗപരിധി 80 കിലോമീറ്റർ മാത്രം
ഹൈവേ ആറുവരിപ്പാതയായാലും ഇപ്പോൾ പരമാവധി വേഗം 80 കിലോമീറ്റർ/മണിക്കൂർ മാത്രമാണ്. എൻട്രി, എക്സിറ്റ് പോയിന്റുകളിൽ ഇത് 50 കിലോമീറ്റർ/മണിക്കൂർ ആയി കുറയും.
ആരെല്ലാം പ്രവേശിക്കാം?
പാതയിൽ കാൽനടക്കാർക്കും ഇരുചക്രവാഹനങ്ങൾക്കും ഓട്ടോറിക്ഷകൾക്കും ട്രാക്ടറുകൾക്കും പ്രവേശനമില്ല. പക്ഷേ, സർവീസ് റോഡുകൾ ഇല്ലാത്തിടത്ത് മാത്രം ഇത്തരം വാഹനങ്ങൾക്കും കാൽനടക്കാർക്കും ഹൈവേയിൽ സഞ്ചരിക്കാൻ അനുവാദമുണ്ടാകും. റോഡ് മുറിച്ചുകടക്കൽ പാടില്ല.


