തിരൂര്‍ സ്വദേശിയായ 78കാരന് അമീബിക് മസ്തിഷ്കജ്വരം; നില ഗുരുതരം, ജലാശയങ്ങള്‍ ക്ലോറിനേറ്റ് ചെയ്യും

കോഴിക്കോട് :സംസ്ഥാനത്ത് അമീബിക് മസ്തിഷ്കജ്വര ബാധയ്ക്ക് കുറവില്ല. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മലപ്പുറം തിരൂര്‍ സ്വദേശിയായ 78കാരനാണ് ഏറ്റവും ഒടുവില്‍ രോഗബാധ സ്ഥിരീകരിച്ചത്. രോഗിയുടെ നില ഗുരുതരമാണെന്ന് മെഡിക്കല്‍ കോളജ് ആശുപത്രി അധികൃതര്‍ അറിയിച്ചു.കഴിഞ്ഞ മാസം 27നാണ് ഇയാളെ രോഗലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് അമീബിക് മസ്തിഷ്കജ്വരത്തിന്‍റെ സ്ഥിരീകരണം നടന്നത്. സംഭവത്തെ തുടര്‍ന്ന് പ്രദേശത്തെ കിണറുകള്‍, കുളങ്ങള്‍ ഉള്‍പ്പെടുന്ന ജലാശയങ്ങള്‍ ക്ലോറിനേറ്റ് ചെയ്യുമെന്ന് തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് യു. സൈനുദ്ദീന്‍ അറിയിച്ചു.

Advertisements

ഇപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എട്ട് പേരാണ് അമീബിക് മസ്തിഷ്കജ്വര ബാധിച്ച്‌ ചികിത്സയിലുള്ളത്. ഇതിനു പുറമെ മാതൃശിശു സംരക്ഷണ കേന്ദ്രത്തില്‍ നാല് പേര്‍ക്കും ചികിത്സ നല്‍കുന്നുണ്ട്. ചികിത്സയില്‍ കഴിഞ്ഞിരുന്ന പന്തീരാങ്കാവ് സ്വദേശിനി ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് രോഗമുക്തി നേടി ആശുപത്രി വിട്ടിരുന്നു.നൈഗ്ലേരിയ ഫൗളരി അമീബകളാണ് അമീബിക് മസ്തിഷ്കജ്വരത്തിന് കാരണം. കുളങ്ങള്‍, തടാകങ്ങള്‍, നദികള്‍ തുടങ്ങി ശുദ്ധജല സ്രോതസ്സുകളിലാണ് ഇവ കാണപ്പെടുന്നത്. മലിനമായ വെള്ളം ഉപയോഗിക്കുമ്പോള്‍ അമീബകള്‍ ശരീരത്തിനകത്ത് പ്രവേശിക്കും. തലച്ചോറിലെത്തിയാല്‍ കോശങ്ങളെ നശിപ്പിച്ച്‌ നീര്‍വീക്കം ഉണ്ടാക്കി രോഗാവസ്ഥയെ ഗുരുതരമാക്കും. പലപ്പോഴും മരണത്തിന് കാരണമാകുകയും ചെയ്യുന്നു

Hot Topics

Related Articles