ന്യൂഡൽഹി: ദീപാവലിക്കായി വീട് വൃത്തിയാക്കി, സെറ്റ് ടോപ് ബോക്സിനുള്ളില്‍ നിന്ന് കുടുംബത്തിന് കിട്ടിയത് അപ്രതീക്ഷിത സമ്മാനം.പഴയ 2000 രൂപ നോട്ടുകെട്ടുകളായി രണ്ട് ലക്ഷം രൂപയാണ് ഇവർക്ക് കിട്ടിയത്. ഐശ്വര്യത്തിന്റെ ദേവതയായ മഹാലക്ഷ്മിയെ വീട്ടിലേക്ക് സ്വാഗതം ചെയ്യാനായി ദീപാവലിക്ക് മുന്നോടിയായി വീടുകള്‍ വൃത്തിയാക്കി അലങ്കരിക്കുന്നത് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളില്‍ പതിവാണ്. ഈ പതിവ് ശുചീകരണത്തിനിടെയാണ് പഴയ ഡിടിഎച്ച് സെറ്റ്-ടോപ്പ് ബോക്സിനുള്ളില്‍ നോട്ട് കെട്ടുകള്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടിലെ ഗൃഹനാഥൻ മറന്നുവച്ച പണമാണ് ഇതെന്നാണ് കുടുംബം കരുതുന്നത്.ഈ വർഷത്തെ ഏറ്റവും വലിയ ദീപാവലി സഫായി എന്ന തലക്കെട്ടോടെ റെഡ്ഡിറ്റിലെ ഉപയോക്താവാണ് സംഭവം പങ്കുവച്ചത്. ഉപയോക്താവിന്റെ അമ്മയാണ് പഴയ ഡിടിഎച്ച് സെറ്റ് ടോപ്പ് ബോക്സിനുള്ളില്‍ നോട്ടുകള്‍ കണ്ടെത്തിയത്.
“ദീപാവലി സഫായിക്കിടെ എന്റെ അമ്മയ്ക്ക് രണ്ട് ലക്ഷം രൂപയുടെ 2000 രൂപയുടെ നോട്ടുകള്‍ കിട്ടി. ഡിടിഎച്ച് ബോക്സില്‍ ഒളിപ്പിച്ച നിലയിലായിരുന്നു നോട്ടുകള്‍. നോട്ട് നിരോധന കാലത്ത് എന്റെ അച്ഛൻ മറന്ന് വച്ചതാകാനാണ് സാദ്ധ്യത. ഞങ്ങള്‍ അദ്ദേഹത്തോട് ഇക്കാര്യം ഇതുവരെ അറിയിച്ചിട്ടില്ല,” റെഡ്ഡിറ്റില്‍ യുവാവ് കുറിച്ചു.യുവാവിന്റെ പോസ്റ്റ് വൈറലായതോടെ നിരവധി പേരാണ് അഭിപ്രായങ്ങളുമായി രംഗത്തെത്തിയത്. നോട്ടുകള്‍ ഇപ്പോഴും വിനിമയ മൂല്യമുള്ളതിനാല്‍ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഓഫീസുകളില്‍ പോയി മാറ്റിയെടുക്കാൻ സാധിക്കുമെന്ന് പലരും ചൂണ്ടിക്കാട്ടി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ആർബിഐയുടെ ഓഫീസുകളില്‍ ഇരുപതിനായിരത്തോളം രൂപ വരെ മാറ്റിയെടുക്കാൻ സാധിക്കുമെന്ന് ഒരാള്‍ കമന്റ് ചെയ്തു. എന്നാല്‍ ആർബിഐയെ സമീപിക്കുന്നതിന് മുൻപ് ഒരു ചാർട്ടേഡ് അക്കൗണ്ടന്റുമായി സംസാരിച്ച് ഉപദേശം തേടാനും മറ്റ് ചിലർ നിർദ്ദേശിച്ചു.”നിങ്ങളുടെ അടുത്തുള്ള ആർബിഐ സെന്ററില്‍ പോയി ഡിക്ലറേഷൻ ഫോം പൂരിപ്പിച്ച് നോട്ടുകള്‍ കൈമാറ്റം ചെയ്യാം. രണ്ടായിരത്തിന്റെ നോട്ടുകള്‍ നിയമപരമായി റദ്ദാക്കിയിട്ടില്ല, വിനിമയത്തില്‍ നിന്ന് പിൻവലിക്കുക മാത്രമാണ് ചെയ്തത്. അഞ്ചോ പത്തോ ബാച്ചുകളായി നോട്ടുകള്‍ മാറ്റിയെടുക്കാൻ ശ്രമിക്കുക.” മറ്റൊരാള്‍ ഉപദേശിച്ചു.2023 മേയ് 19നാണ് 2000 രൂപ നോട്ടുകള്‍ വിനിമയത്തില്‍ നിന്ന് പിൻവലിക്കുന്നതായി ആർബിഐ പ്രഖ്യാപിച്ചത്. എങ്കിലും ഈ നോട്ടുകളുടെ വിനിമയ മൂല്യം ഇപ്പോഴും നഷ്ടപ്പെട്ടിട്ടില്ല. പുതിയ കണക്കുകള്‍ പ്രകാരം 5,884 കോടി രൂപയുടെ 2000 നോട്ടുകള്‍ ഇനിയും വിനിമയത്തില്‍ തിരിച്ചെത്തിയിട്ടില്ല.
ആർബിഐയുടെ 19 ഇഷ്യൂ ഓഫീസുകളില്‍ നോട്ടുകള്‍ മാറ്റിയെടുക്കാനുള്ള സൗകര്യം ഇപ്പോഴും ലഭ്യമാണ്.അഹമ്മദാബാദ്, ബംഗളൂരു, ബേലാപ്പൂർ, ഭോപ്പാല്‍, ഭുവനേശ്വർ, ചണ്ഡീഗഡ്, ചെന്നൈ, ഗുവാഹത്തി, ഹൈദരാബാദ്, ജയ്പൂർ, ജമ്മു, കാണ്‍പൂർ, കൊല്‍ക്കത്ത, ലക്നൗ, മുംബയ്, നാഗ്പൂർ, ന്യൂഡല്‍ഹി, പട്ന, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് നോട്ടുകള്‍ മാറ്റിയെടുക്കാൻ സാധിക്കുന്ന ആർബിഐയുടെ ഓഫീസുകള്‍. 2000 നോട്ടുകള്‍ ബാങ്ക് അക്കൗണ്ടുകളില്‍ നിക്ഷേപിക്കുന്നതിനും പരിധിയില്ല. ആർബിഐ ഓഫീസുകളില്‍ തപാല്‍ മാർഗ്ഗം വഴിയും നോട്ടുകള്‍ കൈമാറ്റം ചെയ്യാനുള്ള സൗകര്യം ലഭ്യമാണ്.


