ന്യൂസ് ഡെസ്ക്: ചെറിയ ഇടവേളയ്ക്ക് ശേഷം മലയാളികളുടെ പ്രിയ നടൻ മമ്മൂട്ടി വീണ്ടും സിനിമാ ലോകത്തേക്ക് തിരിച്ചെത്തുകയാണ്. ഇപ്പോൾ താരം ലണ്ടനിൽ തന്റെ പുതിയ സ്പൈ ആക്ഷൻ ചിത്രമായ ‘പാട്രിയറ്റ്’ ന്റെ ചിത്രീകരണത്തിലാണ്. ഇതിന് പിന്നാലെ, മമ്മൂട്ടിയുടെ ബിഗ് സ്ക്രീൻ റിട്ടേൺ ആയി എത്തുന്ന ‘കളങ്കാവൽ’ തിയേറ്ററുകളിൽ എത്താനുള്ള തീയതിയും പ്രഖ്യാപിച്ചു.നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം ചെയ്യുന്ന ഈ ചിത്രം നവംബർ 27ന് റിലീസിന് എത്തും. മമ്മൂട്ടിയെയും വിനായകനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കിയിരിക്കുന്ന സിനിമയുടെ സെൻസറിങ് അടുത്തിടെ പൂർത്തിയായിട്ടുണ്ട്. ചിത്രത്തിന് യുഎ 16 പ്ലസ് സർട്ടിഫിക്കറ്റ് ലഭിച്ചിട്ടുണ്ട്.
ചിത്രത്തിന്റെ റിലീസ് തീയതി മമ്മൂട്ടിയും വിനായകനും സമൂഹമാധ്യമങ്ങളിലൂടെ പോസ്റ്ററുകൾ പങ്കുവെച്ച് പ്രഖ്യാപിച്ചു. മമ്മൂട്ടി കമ്പനി ലിമിറ്റഡ് നിർമ്മിക്കുന്ന ഈ ചിത്രം വേഫറർ ഫിലിംസ് ആണ് കേരളത്തിൽ വിതരണം ചെയ്യുന്നത്.യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി ജിഷ്ണു ശ്രീകുമാറും ജിതിൻ കെ. ജോസും ചേർന്നാണ് തിരക്കഥ ഒരുക്കിയത്. ദുൽഖർ സൽമാൻ നായകനായി എത്തിയ ‘കുറുപ്പ്’ എന്ന ചിത്രത്തിന്റെ കഥ ഒരുക്കിയതും ജിതിൻ കെ. ജോസായിരുന്നു.ചിത്രത്തിൽ മമ്മൂട്ടി സീരിയൽ കില്ലർ സ്റ്റാൻലി ദാസ് എന്ന കഥാപാത്രമായി എത്തുമ്പോൾ, വിനായകൻ ഒരു പോലീസ് ഓഫീസറുടെ വേഷത്തിലാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ജിബിൻ ഗോപിനാഥ് അടക്കമുള്ളവർയും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു.ഫസ്റ്റ് ലുക്ക്, സെക്കൻഡ് ലുക്ക് പോസ്റ്ററുകൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെ ചിത്രത്തെക്കുറിച്ചുള്ള ആകാംക്ഷയും വർധിച്ചു. നാഗർകോവിലിലാണ് സിനിമയുടെ പ്രധാന ലൊക്കേഷൻ ഒരുക്കിയത്.റോഷാക്ക്, നൻപകൽ നേരത്ത് മയക്കം, കാതൽ, കണ്ണൂർ സ്ക്വാഡ്, ടർബോ, ഡൊമിനിക് ആൻഡ് ദി ലേഡീസ് പേഴ്‌സ് എന്നിവയ്ക്ക് ശേഷം മമ്മൂട്ടി കമ്പനിയുടെ ഏഴാമത്തെ പ്രൊഡക്ഷനാണ് ‘കളങ്കാവൽ’. മമ്മൂട്ടിയുടെ ഗംഭീര വില്ലൻ അവതാരത്തിനായി ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്നു.


