തിരുവനന്തപുരം :സംസ്ഥാന സര്‍ക്കാര്‍ വാഹനങ്ങള്‍ക്കായി പ്രത്യേക രജിസ്ട്രേഷന് സീരീസ് നടപ്പാക്കാന്‍ സര്‍ക്കാര്‍ നീക്കം തുടങ്ങി. ഇത് സംബന്ധിച്ച കരട് വിജ്ഞാപനം പുറത്തിറങ്ങി.ഭാവിയില്‍ സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് കെ എൽ- 90 സീരീസ് രജിസ്ട്രേഷനായി നിശ്ചയിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാര്‍ വക വാഹനങ്ങള്‍ക്ക് കെ എൽ -90യും കെ എൽ-90 ഡിയും ആയിരിക്കും രജിസ്ട്രേഷന് സീരീസ്. അതേസമയം, കേന്ദ്ര സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് കെ എൽ -90 എയും കെ എൽ-90 ഇയും ആയിരിക്കും അനുവദിക്കുക.തദ്ദേശ സ്ഥാപനങ്ങളായ പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്പറേഷന് മുതലായവയുടെ വാഹനങ്ങള്‍ കെ എൽ-90 ബിയും കെ എൽ 90 എഫുമായിരിക്കും ഉപയോഗിക്കുക.
അതേസമയം, അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ബോര്‍ഡുകള്‍, കോര്‍പ്പറേഷനുകള്‍, സര്‍വകലാശാലകള്‍ എന്നിവയ്ക്ക് കെ എൽ -90 സിയും തുടര്‍ന്ന് കെ എൽ-90 ജിയും സീരീസുകളായിരിക്കും.കെ.എസ്.ആര്.ടി.സി.യുടെ വാഹനങ്ങള്‍ നിലവിലുള്ള കെ എൽ-15 രജിസ്ട്രേഷനിലാണ് തുടരുമെന്ന് അധികൃതര്‍ വ്യക്തമാക്കി.സര്‍ക്കാര്‍ വാഹനങ്ങള്‍ വ്യക്തമായി തിരിച്ചറിയുന്നതിനും സ്വകാര്യ വാഹനങ്ങളില്‍ സര്‍ക്കാര്‍ ബോര്‍ഡ് വെച്ച് യാത്ര ചെയ്യുന്നത് തടയുന്നതിനുമാണ് ഈ മാറ്റം വരുത്തുന്നത്. മോട്ടോര്‍ വാഹന നിയമത്തില്‍ ആവശ്യമായ ഭേദഗതി വരുത്താന്‍ കരട് വിജ്ഞാപനം പുറത്തിറക്കിയതായി സൂചനയുണ്ട്.


