പ്രണയിച്ച് വിവാഹം കഴിച്ച യുവതിയുടെ ശരീരത്തിൽ ബന്ധുവിൻ്റെ ആത്മാവ് കൂടിയിട്ടുണ്ടെന്ന് ഭർത്താവിന് സംശയം: ബാധ ഒഴിപ്പിക്കലിൻ്റെ പേരിൽ യുവതിയ്ക്ക് നേരിടേണ്ടി വന്നത് കൊടിയ പീഡനം; കോട്ടയം മണർകാട്ട് ആഭിചാരക്രിയയുടെ പേരിൽ യുവതിയെ പീഡിപ്പിച്ച ഭർത്താവും ഭർത്തൃപിതാവും മന്ത്രവാദിയും അടക്കം മൂന്നു പേർ പിടിയിൽ 

മണർകാട്: പ്രണയിച്ച് വിവാഹം കഴിച്ച യുവതിയുടെ ശരീരത്തിൽ ബന്ധുവിൻ്റെ ആത്മാവ് കൂടിയിട്ടുണ്ടെന്ന ഭർത്താവിൻ്റെ സംശയത്തെ തുടർന്ന് യുവതിയെ ക്രൂരമായ ആഭിചാര ക്രിയകൾക്ക് വിധേയയാക്കിയ സംഭവത്തിൽ മൂന്നു പേർ പിടിയിൽ. യുവതിയുടെ ഭർത്താവും, ഭർതൃപിതാവും മന്ത്രവാദിയുമാണ് പിടിയിലായത്.  മന്ത്രവാദത്തിന് എത്തിയ പത്തനംതിട്ട പെരുംതുരുത്തി ഭാഗത്ത് പന്നിക്കുഴി മാടാച്ചിറ വീട്ടിൽ ശിവദാസ് (54), യുവതിയുടെ ഭർത്താവായ മണർകാട് തിരുവഞ്ചൂർ കൊരട്ടിക്കുന്നേൽ അഖിൽദാസ് (26), ഇയാളുടെ പിതാവ് ദാസ് (55) എന്നിവരെയാണ് മണർകാട് പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. 

Advertisements

പ്രണയിച്ചു വിവാഹം കഴിച്ചതാണ് യുവതിയും ഭർത്താവും. തുടർന്ന് ഇരുവരും ഭർത്താവിൻ്റെ വീട്ടിൽ കഴിയുന്നതിനിടെയാണ് സംഭവങ്ങളുടെ തുടക്കം. യുവതിയുടെ ശരീരത്തിൽ മരിച്ചുപോയ ബന്ധുക്കളുടെ ദുരാത്മാക്കൾ കൂടിയിട്ടുണ്ട് എന്ന പേരിലാണ് ആഭിചാരക്രിയകൾ തുടങ്ങുന്നത്. യുവാവിൻറെ മാതാവ് ഇടപാട് ചെയ്തത് അനുസരിച്ച് വീട്ടിലെത്തിയ തിരുവല്ല മുത്തൂർ സ്വദേശിയായ ശിവൻ തിരുമേനി എന്ന് വിളിക്കുന്ന പൂജാരി നവംബർ രണ്ടിന് ആഭിചാര ക്രിയകൾ ആരംഭിക്കുകയായിരുന്നു. നവംബർ രണ്ടിന് പകൽ 11 മണിമുതൽ രാത്രി 9 മണി വരെ മണിക്കൂറുകൾ നീണ്ട ആഭിചാരക്രിയകൾ നടത്തുകയായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇതിനിടെ യുവതിക്ക് മദ്യം നൽകിയ ശേഷം ബലമായി ബീഡി വലിപ്പിക്കുകയും ഭസ്മം തീറ്റിക്കുകയും ശരീരത്തിൽ പൊള്ളൽ ഏൽപ്പിക്കുന്നതുൾപ്പടെ മറ്റ് ശാരീരിക ഉപദ്രവങ്ങൾ ഏൽപ്പിക്കുകയും ആയിരുന്നു.യുവതിയുടെ മാനസികനില തകരാറിലായതിനെ തുടർന്ന്  പിതാവ് പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മണർകാട് പോലീസ് കേസെടുത്തു അന്വേഷണം നടത്തുകയായിരുന്നു. സംഭവത്തിനുശേഷം ഫോൺ സ്വിച്ച് ഓഫ് ചെയ്ത് മാറിനിന്ന ഒന്നാംപ്രതിയെ തിരുവല്ല മുത്തൂർ ഭാഗത്ത് നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു

ഈ സംഭവത്തിലെ കൂട്ടുപ്രതികളായ യുവാവിന്റെ മാതാവും മറ്റുള്ളവരും ഒളിവിലാണ്. മണർകാട് സ്റ്റേഷൻ ഹൌസ് ഓഫിസർ അനിൽ ജോർജ് എസ്ഐ ആഷ് ടി. ചാക്കോ, രാധാകൃഷ്ണൻ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ അനൂപ്, വിജേഷ്, സുബിൻ പി സജി, എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

 മേൽ നടപടികൾക്ക് ശേഷം കോട്ടയം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് – മൂന്ന് എസ്. അനന്തകൃഷ്ണൻ  മുൻപാകെ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Hot Topics

Related Articles