കോട്ടയം: നാലു പതിറ്റാണ്ട് നീണ്ട പൊതുപ്രവർത്തന ചരിത്രത്തിൽ ആദ്യമായി ജനാധിപത്യ പോരാട്ടത്തിനൊരുങ്ങുകയാണ് കേരള കോൺഗ്രസ് ജോസഫ് വിഭാഗം നേതാവ് എ.കെ ജോസഫ്. തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പിൽ ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് അയ്മനം ഡിവിഷനിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായാണ് ഇദ്ദേഹം ആദ്യമായി തിരഞ്ഞെടുപ്പ് പോരാട്ട രംഗത്തിറങ്ങുന്നത്.
കേരള വിദ്യാർത്ഥി കോൺഗ്രസിൻ്റെ ബസേലിയോസ് കോളജ് യൂണിറ്റ് സെക്രട്ടറി മുതൽ സംസ്ഥാന പ്രസിഡൻ്റ് വരെയും, കേരള യൂത്ത് ഫ്രണ്ടിൻ്റെ സംസ്ഥാന പ്രസിഡൻ്റ്, കേരളാ കോൺഗ്രസ് പാർട്ടിയുടെ സംസ്ഥാന ജനറൽ സെക്രട്ടറി, സംസ്ഥാന ഉന്നതാധികാര സമിതി അംഗം എന്നിങ്ങനെ വിവിധ സ്ഥാനങ്ങളിൽ പൊതു പ്രവർത്തന രംഗത്ത് സജീവമായി തുടരുന്നയാണ് എ.കെ ജോസഫ്. കുമ്മനം നേതാജി ഗ്രന്ഥശാലയുടെ സെക്രട്ടറി പ്രസിഡൻ്റ്, കോട്ടയം താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ്, ജില്ലാ ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡൻ്റ് എന്നീ സ്ഥാനങ്ങളിലും പ്രവർത്തിച്ചിട്ടുള്ള എ.കെ ജോസഫ് നാട്ടിലും നഗരത്തിലും ഒരു പോലെ ജനപ്രിയനാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പി.ജെ.ജോസഫ്, മോൻസ് ജോസഫ് എന്നിവർ മന്ത്രിമാരായിരുന്ന സമയത്ത് അവരുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായി പ്രവർത്തിച്ച് ഭരണപരമായ രംഗത്തും ഇദ്ദേഹം കഴിവ് തെളിയിച്ചിട്ടുണ്ട്. ഇല്ലിക്കൽ – കുഴിത്താർ റോഡിന് ഒരു കോടി രൂപ പൊതുമരാമത്ത് വകുപ്പിൽ നിന്ന് അനുവദിച്ചതും വെള്ളം കയറാത്ത നിലയിൽ ഉയർത്തി ഉന്നത നിലവാരത്തിൽ ടാർ ചെയ്തതും ആ സമയത്ത് മന്ത്രിമാർക്കൊപ്പം നിന്ന അനുഭവപരിചയത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു. നിലവിൽ കെ.ഫ്രാൻസിസ് ജോർജ് എം.പിയുടെ പ്രൈവറ്റ് സെക്രട്ടറിയാണ്. അയ്മനം ഗ്രാമപഞ്ചായത്തിലെ 11,14,15,16,18 എന്നീ വാർഡുകളും തിരുവാർപ്പ് ഗ്രാമ പഞ്ചായത്തിലെ 6,7,8 എന്നീ വാർഡുകളും ഉൾപ്പെടുന്നതാണ് അയ്മനം ഡിവിഷൻ.


