കർണാടക:കർണാടകയിൽ ഹാവേരി ജില്ലയിലെ സർക്കാർ ആശുപത്രിയിൽ മനുഷ്യാവകാശ ലംഘനമായി വിലയിരുത്താവുന്ന സംഭവമാണ് അരങ്ങേറിയത്.ലേബർ റൂമിൽ ഇടമില്ലെന്ന് പറഞ്ഞ് പ്രവേശനം നിഷേധിച്ചതിനെ തുടർന്ന്, ശുചിമുറിയിലേക്ക് പോകുന്നതിനിടെ യുവതി പ്രസവിച്ചു,ജനിച്ച കുഞ്ഞ് തല തറയിൽ ഇടിച്ച് മരണമടഞ്ഞു.റാണെബെന്നൂർ കാങ്കോൽ സ്വദേശിനിയായ രൂപ ഗിരീഷി (30) തിന്റെ കുഞ്ഞാണ് മരണമടഞ്ഞത്. പ്രസവവേദന കൂടിയതോടെ ബന്ധുക്കൾ രൂപയെ ആശുപത്രിയിലെത്തിച്ചെങ്കിലും ലേബർ റൂമിൽ ബെഡ് ഒഴിവില്ലെന്ന പേരിൽ സ്ത്രീയെ പ്രവേശിപ്പിച്ചില്ലെന്ന് ബന്ധുക്കൾ ആരോപിക്കുന്നു.
ഡോക്ടർമാരോ നഴ്സുമാരോ പരിശോധനയ്ക്കും മുന്നോട്ട് വന്നില്ലെന്നാണ് അവരുടെ വാദം. ജീവനക്കാർ രൂപയോട് തറയിൽ ഇരിക്കാനാണ് പറഞ്ഞത്.തുടർന്ന് ശക്തമായ പ്രസവവേദന അനുഭവപ്പെട്ട രൂപ ശുചിമുറിയിലേക്ക് പോകുമ്പോഴാണ് പ്രസവം സംഭവിച്ചത്. തല തറയിൽ ഇടിച്ച് കുഞ്ഞ് ജനിച്ചയുടന്‍ മരണമടഞ്ഞു.ആശുപത്രി സർജൻ പി.ആർ. ഹവാനൂർ പറയുന്നത്, കുഞ്ഞ് ഗർഭപാത്രത്തിൽ തന്നെയായിരിക്കാം മരിച്ചതെന്നും രൂപയുടെ രക്തസമ്മർദ്ദം അതിവേഗം വർധിച്ചതായും പറഞ്ഞു. എന്നാൽ കുടുംബം ആശുപത്രി ജീവനക്കാരുടെ അനാസ്ഥയാണ് ദാരുണാവസാനത്തിന് കാരണമെന്നും കുറ്റപ്പെടുത്തി.സംഭവത്തിൽ ജില്ലാ കലക്ടർ അന്വേഷണം പ്രഖ്യാപിച്ചു. ആശുപത്രി സൂപ്രണ്ടിനോട് വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുമുണ്ട്.


