തൃശ്ശൂർ:തൃശ്ശൂർ വരന്തരപ്പിള്ളിയിൽ ഗർഭിണി പൊള്ളലേറ്റ് മരിച്ചതിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മാട്ടുമല ഷാരോണിന്റെ ഭാര്യ അർച്ചനയെ ഇന്നലെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഷാരോൺ മകളെ ഭയങ്കരമായി ഉപദ്രവിച്ചിരുന്നുവെന്ന് മകൾ പറഞ്ഞപ്പോൾ തിരിച്ച് വീട്ടിലേക്ക് മടങ്ങി വരാൻ താൻ പറഞ്ഞതാണെന്ന് പിതാവ് ഹരിദാസ് മാധ്യമങ്ങളോട് വെളിപ്പെടുത്തി. ആറുമാസം ഗർഭിണിയായിരുന്നു തന്റെ മകളെന്നും ഷാരോൺ കൊന്നിട്ടതാണെന്നാണ് സംശയമെന്നും അദ്ദേഹം പറഞ്ഞു. കഞ്ചാവു കേസിലടക്കം പ്രതിയായ ഷാരോൺ ക്രൂരനാണെന്നാ നാട്ടുകാർക്കെല്ലാം അറിയാവുന്ന കാര്യമാണെന്നും തന്റെ വീട്ടിൽ വാടകയ്ക്ക് താമസിച്ചിരുന്ന കാലത്തെ പരിചയമാണ് പിന്നീട് പ്രണയവും ഒടുവിൽ ദുരന്തത്തിൽ കലാശിച്ചതെന്നും ഹരിദാസ് വേദനയോടെ പറയുന്നു.
‘ വേണ്ടമോളേ അവനെ വേണ്ട എന്ന് ഞാൻ അന്നേ പറഞ്ഞതാ. ഉപദ്രവിക്കുന്നുവെന്ന് പറഞ്ഞപ്പോൾ തിരിച്ച് വീട്ടിലേക്ക് വരാൻ പറഞ്ഞു. അവൻ പക്ഷേ ഭീഷണിപ്പെടുത്തി അവിടെ നിർത്തുകയായിരുന്നു. ഡിപ്ലോമ കഴിഞ്ഞ് ചെന്നൈക്ക് ജോലിക്ക് പോയ മകളാണ്. ഒരു ദിവസം ഡ്രസെടുക്കാൻ പോകുവാ എന്ന് പറഞ്ഞ് ഇവിടെ നിന്നും പോയതാ.. അവന്റെ കൂടെ പോയെന്ന് പിന്നീടാണ് അറിഞ്ഞത്. എന്റെ വീടിന് പിന്നിൽ വാടകയ്ക്ക് താമസിച്ചിരുന്നതാ അവൻ തല്ലിപ്പൊളിയാണെന്നും ക്രൂരനാണെന്നും എല്ലാവർക്കും അറിയാം.ഞാൻ ഒന്നും കൊടുത്തിട്ടില്ലല്ലോ, അവൾ ഇഷ്ടത്തിന് പോയതല്ലേ, അതു കൊണ്ട് പഠിക്കട്ടെ എന്ന് അന്ന് പറഞ്ഞതാണ്. അതിനാണ് അവൻ ഇങ്ങനെയിട്ട് ഉപദ്രവിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കഞ്ചാവുകേസ്, മയക്കുമരുന്ന് എല്ലാമുണ്ട് അവൻ്റെ പേരിൽ. അവൻ എന്റെ കുഞ്ഞിനെ കൊന്നിട്ടതാണെന്നാ സംശയം. അമ്മയും പെങ്ങളുമൊക്കെ ഭയങ്കര ഉപദ്രവമാണ്. ഗർഭിണിയാണെന്ന് പറഞ്ഞാ അവസാനം വിളിച്ചത്. ആറേഴ് മാസമായിട്ടുണ്ടാകും’ – ഹരിദാസ് പൊട്ടിക്കരഞ്ഞു പറയുന്നു.ഹരിദാസിന്റെ മൂന്ന് മക്കളിൽ മൂത്തയാളാണ് അർച്ചന. ഏഴുമാസം മുൻപാണ് അർച്ചനയെ ഷാരോൺ പ്രണയിച്ച് വിവാഹം കഴിച്ചത്. ഭാര്യയെ ഫോൺ വിളിക്കാൻ പോലും സമ്മതിച്ചിരുന്നില്ല. സ്ത്രീധനം വീട്ടിൽ നിന്ന് വാങ്ങണമെന്ന് ആവശ്യപ്പെട്ടാണ് ക്രൂരമായി പീഡിപ്പിച്ചതെന്ന് പൊലീസ് പറയുന്നു. മകളുടെ കുട്ടിയെ അംഗൻവാടിയിൽ നിന്ന് വിളിച്ചു കൊണ്ടുവരാൻ ഷാരോണിന്റെ അമ്മ പോയി മടങ്ങിയെത്തിയപ്പോഴാണ് അർച്ചനയുടെ മൃതദേഹം കണ്ടത്. വീടിന് പുറകിലെ കോൺക്രീറ്റ് കാനയിലായിരുന്നു പൊള്ളിക്കരിഞ്ഞ് കിടന്നിരുന്നത്. ഷാരോണിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഫൊറൻസിക് വിദഗ്ധർ സ്ഥലത്തെത്തി പരിശോധന നടത്തും.


