തിരുവനന്തപുരം:തദ്ദേശ തെരഞ്ഞെടുപ്പിൽ സംസ്ഥാനമൊട്ടാകെ യുഡിഎഫ് നേടിയ ശക്തമായ മുന്നേറ്റത്തിന് പിന്നാലെ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരോക്ഷ വിമർശനവുമായി യൂത്ത് കോൺഗ്രസ് നേതാവ് സജന ബി സാജൻ. ‘കളയേണ്ടത് കളഞ്ഞപ്പോൾ കിട്ടേണ്ടത് കിട്ടി…’ എന്ന വാചകത്തോടെ സജന ഫെയ്‌സ്ബുക്കിൽ പങ്കുവെച്ച കുറിപ്പാണ് വിവാദമായത്.തദ്ദേശ തെരഞ്ഞെടുപ്പിൽ 941 ഗ്രാമപഞ്ചായത്തുകളിൽ 504 ഇടങ്ങളിലും, 86 മുൻസിപ്പാലിറ്റികളിൽ 54 ഇടങ്ങളിലും, ആറ് കോർപ്പറേഷനുകളിൽ നാലിടങ്ങളിലും യുഡിഎഫ് വിജയം നേടി. 14 ജില്ലാ പഞ്ചായത്തുകളിൽ ഏഴെണ്ണവും യുഡിഎഫ് സ്വന്തമാക്കിയിരുന്നു.
ഈ വിജയത്തെ ‘കേരളത്തിൽ യുഡിഎഫ് തരംഗം’ എന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് സജനയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.‘കളയേണ്ടത് കളഞ്ഞപ്പോൾ കിട്ടേണ്ടത് കിട്ടി… കേരളത്തിൽ യുഡിഎഫ് തരംഗം… തദ്ദേശം പിടിച്ചടക്കി…’ എന്നായിരുന്നു സജനയുടെ കുറിപ്പ്. പോസ്റ്റിൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നേരിട്ടുള്ള പരാമർശങ്ങളൊന്നുമില്ലെങ്കിലും, പരോക്ഷമായ സൂചനയാണെന്ന് വിലയിരുത്തലുകളുയർന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സജനയുടെ കുറിപ്പിന് താഴെ കോൺഗ്രസ് പ്രവർത്തകർ തമ്മിൽ തന്നെ കടുത്ത വാക്കേറ്റവും അസഭ്യപ്രയോഗങ്ങളും അരങ്ങേറി. രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പരാമർശം അംഗീകരിക്കാനാവില്ലെന്നും, പാർട്ടിയിൽ നിന്ന് പുറത്താക്കേണ്ടത് രാഹുലിനെയല്ല സജനയെയാണെന്നും അഭിപ്രായപ്പെട്ട് നിരവധി പ്രവർത്തകർ രംഗത്തെത്തി.


