ശീതളപാനീയങ്ങളിൽ ജാഗ്രത വേണം: വേനലിൽ ജലജന്യ രോഗഭീഷണി വർധിക്കുന്നു

ന്യൂസ്‌ ഡെസ്ക്: വേനലിന്റെ കാഠിന്യം ശക്തമായതോടെ പാതയോരങ്ങളിലും പൊതുസ്ഥലങ്ങളിലും ശീതളപാനീയ വിൽപ്പനശാലകൾ വർധിക്കുകയാണ്. എന്നാൽ ഇത്തരം ശീതളപാനീയങ്ങൾ ഉപയോഗിക്കുമ്പോൾ വേണ്ടത്ര ജാഗ്രത പാലിക്കാത്തത് ഗുരുതരമായ ജലജന്യ രോഗങ്ങൾക്ക് വഴിവെക്കുമെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.ശീതളപാനീയങ്ങളിൽ ഉപയോഗിക്കുന്ന വെള്ളവും ഐസും ശുദ്ധജലത്തിൽ തയ്യാറാക്കിയതാണോയെന്ന് ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്. കൂടാതെ പാനീയങ്ങളിൽ ചേർക്കുന്ന പഴവർഗങ്ങൾ ശുദ്ധജലത്തിൽ നന്നായി കഴുകാതെ ഉപയോഗിക്കുന്നതും പകർച്ചവ്യാധികൾക്ക് കാരണമാകുന്നു.

Advertisements

മലിനജലത്തിൽ വളരുന്ന ബാക്ടീരിയകൾ


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മലിനജലത്തിലും അതുപയോഗിച്ച് തയ്യാറാക്കുന്ന ഐസുകളിലും നിരവധി പകർച്ചവ്യാധികൾ സൃഷ്ടിക്കുന്ന ബാക്ടീരിയകൾ കാണപ്പെടാറുണ്ട്. ഇത്തരം ബാക്ടീരിയകൾ ശരീരത്തിലെത്തുമ്പോൾ കോളറ, ടൈഫോയിഡ്, മഞ്ഞപ്പിത്തം തുടങ്ങിയ ജലജന്യ രോഗങ്ങൾ പിടിപെടാൻ സാധ്യതയുണ്ട്.

കുടിവെള്ളത്തിലൂടെ പകരുന്ന കോളറ

ജലജന്യ രോഗങ്ങളിൽ ഏറ്റവും അപകടകാരികളിലൊന്നാണ് കോളറ. വിബ്രിയോ കോളറ എന്ന ബാക്ടീരിയയാണ് രോഗത്തിന് കാരണമാകുന്നത്. മലിനമായ കുടിവെള്ളത്തിലൂടെ ശരീരത്തിലെത്തുന്ന രോഗാണു കടുത്ത ഛർദ്ദിയും അതിസാരവും ഉണ്ടാക്കുന്നു. ശരീരത്തിലെ ജലവും ലവണങ്ങളും അതിവേഗം നഷ്ടപ്പെടുന്നതാണ് രോഗത്തിന്റെ പ്രധാന സങ്കീർണത. ഇത് നിർജലീകരണത്തിലേക്ക് നയിക്കുകയും രോഗിയെ ഗുരുതരാവസ്ഥയിലെത്തിക്കുകയും ചെയ്യാം.ഇത്തരം സാഹചര്യങ്ങളിൽ രോഗിക്ക് ഉടൻ തന്നെ ജലനഷ്ടം പരിഹരിക്കുന്നതിന് ഉപ്പിട്ട കഞ്ഞിവെള്ളം, നാരങ്ങാവെള്ളം, കരിക്കിൻ വെള്ളം, ഒആർഎസ് ലായനി തുടങ്ങിയവ നൽകേണ്ടതാണ്. കുട്ടികളിൽ ലക്ഷണങ്ങൾ കണ്ടാൽ എത്രയും വേഗം ചികിത്സ ലഭ്യമാക്കണമെന്ന് ആരോഗ്യവകുപ്പ് നിർദേശിക്കുന്നു.

വയറിളക്ക രോഗങ്ങൾ കുട്ടികൾക്ക് ഭീഷണി

അക്യൂട്ട് ഡയേറിയൽ ഡിസീസ് എന്നറിയപ്പെടുന്ന വയറിളക്ക രോഗങ്ങൾ ശരീരത്തിൽ നിന്നും അമിത ജലനഷ്ടത്തിന് കാരണമാകുന്ന ഗുരുതരാവസ്ഥയാണ്. ലോകാരോഗ്യസംഘടനയുടെ കണക്ക് പ്രകാരം അഞ്ച് വയസിന് താഴെയുള്ള കുട്ടികളുടെ മരണകാരണങ്ങളിൽ രണ്ടാമതാണ് വയറിളക്ക രോഗങ്ങൾ.ഒരു ദിവസത്തിൽ മൂന്നോ അതിലധികമോ തവണ ഇളകിയ മലം പോകുന്നത് വയറിളക്കമായി കണക്കാക്കുന്നു. ഈ അവസ്ഥയിൽ ധാരാളം പാനീയങ്ങൾ നൽകിയാണ് ജലനഷ്ടം പരിഹരിക്കേണ്ടത്.

വേനലിൽ വർധിക്കുന്ന മഞ്ഞപ്പിത്തം

ഉഷ്ണകാലത്ത് കൂടുതലായി കാണപ്പെടുന്ന മറ്റൊരു രോഗമാണ് മഞ്ഞപ്പിത്തം. വെള്ളത്തിലൂടെ പകരുന്ന ഹെപ്പറ്റൈറ്റിസ് എ ആണ് പൊതുവെ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്നത്. പൊതുസ്ഥലങ്ങളിലെ മലമൂത്ര വിസർജനം, മനുഷ്യവിസർജ്യങ്ങളാൽ മലിനമായ കുടിവെള്ളം എന്നിവയാണ് രോഗവ്യാപനത്തിന് പ്രധാന കാരണങ്ങൾ.ഹെപ്പറ്റൈറ്റിസ് എ, ഇ എന്നീ വൈറസുകൾ ശരീരത്തിൽ കയറിയതിന് ശേഷം രണ്ട് മുതൽ ആറാഴ്ച വരെ കഴിഞ്ഞാലേ ലക്ഷണങ്ങൾ പൂർണ്ണമായി പ്രകടമാകൂ. ക്ഷീണം, പനി, ഛർദ്ദി, വിശപ്പില്ലായ്മ, കണ്ണിന്റെ വെള്ളയിലും ത്വക്കിലും മഞ്ഞനിറം എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. രോഗം ഗുരുതരമായാൽ കരളിന്റെ പ്രവർത്തനം തന്നെ തകരാറിലാകാം.

ജാഗ്രതയാണ് പ്രതിരോധം

ശ്രദ്ധിച്ചില്ലെങ്കിൽ ജലജന്യ രോഗങ്ങൾ വലിയ അപകടങ്ങളിലേക്ക് നയിക്കുമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകുന്നു. തുറന്നുവച്ചതും വൃത്തിഹീനമായതുമായ കുടിവെള്ളവും ഭക്ഷണവും ഒഴിവാക്കണം. ഭക്ഷണം കഴിക്കുന്നതിന് മുമ്പ് സോപ്പ് ഉപയോഗിച്ച് കൈകൾ നന്നായി കഴുകണം. തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാവൂ.ജലജന്യ രോഗങ്ങൾ പൂർണ്ണമായും ചികിത്സിച്ചു ഭേദമാക്കാൻ കഴിയുന്നതാണെന്നും ഏതെങ്കിലും രോഗലക്ഷണങ്ങൾ കണ്ടാൽ വൈകാതെ ചികിത്സ തേടണമെന്നും ആരോഗ്യവിദഗ്ധർ ഓർമ്മിപ്പിക്കുന്നു.

Hot Topics

Related Articles