പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിലെ നാലാംപ്രതിയായ മുൻ ദേവസ്വം സെക്രട്ടറി എസ്. ജയശ്രീയുടെ മുൻകൂർ ജാമ്യ ഹർജി നാളെ സുപ്രീംകോടതി പരിഗണിക്കും. ജസ്റ്റിസ് ദീപാങ്കർ ദത്ത അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുക.ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ജയശ്രീ മുൻകൂർ ജാമ്യം തേടിയത്. നേരത്തെ ഹൈക്കോടതി മുൻകൂർ ജാമ്യം തള്ളിയതിനെ തുടർന്നാണ് സുപ്രീംകോടതിയെ സമീപിച്ചത്.ഇതിനിടെ, കേസിൽ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായ ശ്രീകുമാറിനെ പ്രത്യേക അന്വേഷണസംഘം (എസ്‌ഐടി) അറസ്റ്റ് ചെയ്തു.
ചെറിയ ഇടവേളയ്ക്ക് ശേഷം ശബരിമല സ്വർണ തട്ടിപ്പ് കേസിൽ അന്വേഷണസംഘം വീണ്ടും അറസ്റ്റിലേക്ക് കടക്കുകയായിരുന്നു.ശ്രീകുമാറിനെ എസ്‌ഐടി ഓഫീസിലേക്ക് വിളിച്ചുവരുത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇയാളുടെ ജാമ്യ അപേക്ഷ ഹൈക്കോടതി തള്ളിയതിനെ തുടർന്നാണ് നടപടി.2019-ൽ ശബരിമലയിൽ നിന്ന് സ്വർണപ്പാളി പുറത്തേക്ക് കൊണ്ടുപോകുന്നതിന്റെയും തിരിച്ചെത്തിക്കുന്നതിന്റെയും സമയത്ത് ശ്രീകുമാർ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായിരുന്നു. ക്രമക്കേടിൽ ശ്രീകുമാറിനും പങ്കുണ്ടെന്നാണ് എസ്‌ഐടിയുടെ നിഗമനം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എന്നാൽ, മേലുദ്യോഗസ്ഥരുടെ നിർദേശപ്രകാരം ഫയൽ നീക്കുക മാത്രമാണ് ചെയ്തതെന്നായിരുന്നു ശ്രീകുമാറിന്റെ വാദം.അറസ്റ്റിന് ശേഷം ശ്രീകുമാറിനെ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ എത്തിച്ച് വൈദ്യപരിശോധന നടത്തി. ഇയാളെ ഇന്നുതന്നെ കോടതിയിൽ ഹാജരാക്കും.കേസിൽ നിലവിലെ പ്രതികളിൽ മുൻ ദേവസ്വം സെക്രട്ടറി എസ്. ജയശ്രീയെ മാത്രമാണ് ഇനി അറസ്റ്റ് ചെയ്യാനുള്ളത്.


