തിരുവനന്തപുരം:ഡോ. സിസ തോമസിന്റെ നിയമനവുമായി ബന്ധപ്പെട്ട വിഷയത്തിൽ എസ്.എഫ്.ഐയെ അക്രമ സമരത്തിന് ഇറക്കിവിട്ട സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പൊതു സമൂഹത്തോട് പരസ്യമായി മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.പ്രഗൽഭയായ വിദ്യാഭ്യാസ വിചക്ഷണയായ ഡോ. സിസ തോമസിനെ മൂന്നു വർഷം മുൻപ് താൽക്കാലിക വിസിയായി നിയമിച്ചതിനെതിരെയും, കേരള സർവകലാശാല മുൻ രജിസ്ട്രാർ ഡോ. അനിൽകുമാറിനെ സസ്പെൻഡ് ചെയ്തതിനെതിരെയും അക്രമ സമരം നടത്താൻ എസ്.എഫ്.ഐക്ക് നിർദേശം നൽകിയത് എം.വി. ഗോവിന്ദനാണെന്ന് ചെന്നിത്തല ആരോപിച്ചു.
സർവകലാശാലകളുടെ പ്രവർത്തനം സ്തംഭിപ്പിച്ച എസ്.എഫ്.ഐ സമരത്തിന് കേരള സർവകലാശാല വളപ്പിലെത്തി സി.പി.എമ്മിന്റെ പരസ്യ പിന്തുണ പ്രഖ്യാപിച്ചതും എം.വി. ഗോവിന്ദനായിരുന്നു.ഗവർണറും മുഖ്യമന്ത്രി പിണറായി വിജയനും നടത്തിയ സമവായ ചർച്ചയുടെ ഫലമായി ഡോ. സിസ തോമസിനെ സാങ്കേതിക സർവകലാശാലയിൽ സ്ഥിരം വിസിയായി നിയമിക്കുകയും, ‘കേരള’ സർവകലാശാല രജിസ്ട്രാർ ഡോ. അനിൽകുമാറിനെ സർക്കാർ തന്നെ പിൻവലിക്കുകയും ചെയ്തതിലൂടെ സി.പി.എമ്മും അവരുടെ യുവജന സംഘടനകളും അപഹാസ്യരായിരിക്കുകയാണെന്ന് ചെന്നിത്തല പറഞ്ഞു.റജിസ്ട്രാർ അനിൽകുമാറിനെ ബലിയാടാക്കിയ നിലപാടിൽ സി.പി.എം അധ്യാപക സംഘടനകൾ വ്യക്തമായ നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഗവർണറും മുഖ്യമന്ത്രിയും തമ്മിലുണ്ടായ രഹസ്യ കരാർ എന്താണെന്ന് സർക്കാർ വെളിപ്പെടുത്തണമെന്നും ചെന്നിത്തല പറഞ്ഞു.മുഖ്യമന്ത്രി പ്രോ-ചാൻസലറായ ഡിജിറ്റൽ സർവകലാശാലയിൽ നടന്ന കോടികളുടെ അഴിമതിയെക്കുറിച്ചുള്ള അന്വേഷണം ഈ കരാറിലൂടെ അട്ടിമറിക്കപ്പെടുമോയെന്ന ആശങ്കയും അദ്ദേഹം ഉന്നയിച്ചു. അഴിമതി ആരോപണം മുഖ്യമന്ത്രിയുടെ കുടുംബത്തിലേക്ക് നീണ്ടപ്പോഴാണ് എസ്.എഫ്.ഐ പ്രവർത്തകരെ കൈവിട്ടതെന്ന് മനസ്സിലാക്കേണ്ടതുണ്ടെന്നും ചെന്നിത്തല വിമർശിച്ചു.“രക്തബന്ധത്തേക്കാൾ വലുതല്ലല്ലോ പാർട്ടി ബന്ധം” എന്നായിരുന്നു ചെന്നിത്തലയുടെ പരാമർശം.
സ്വാർത്ഥ താൽപര്യങ്ങൾ സംരക്ഷിക്കാൻ അനാവശ്യ വിദ്യാർഥി പ്രക്ഷോഭങ്ങൾ സംഘടിപ്പിച്ച് സർവകലാശാലകളുടെ പ്രവർത്തനം സ്തംഭിപ്പിക്കുന്നതുകൊണ്ടാണ് വിദ്യാർഥികൾ ഉപരിപഠനത്തിനായി സംസ്ഥാനം വിട്ടുപോകുന്നതെന്ന യാഥാർഥ്യം സി.പി.എം തിരിച്ചറിയണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.


