തിരുവനന്തപുരം:പേരൂർക്കട–നെടുമങ്ങാട് റോഡിൽ കെഎസ്‌ആർടിസി ബസും ക്രെയിനും കൂട്ടിയിടിച്ച് അപകടം. തിരുവനന്തപുരം നിന്ന് വിതുരയിലേക്ക് പോയ കെഎസ്‌ആർടിസി ബസാണ് അപകടത്തിൽപ്പെട്ടത്. വഴയില–പഴകുറ്റി നാലുവരി പാത നവീകരണത്തിന്റെ ഭാഗമായി നടന്നു വരുന്ന നിർമാണ ജോലികൾക്കിടെയാണ് ക്രെയിനുമായി ബസ് കൂട്ടിയിടിച്ചത്.വഴയിലക്കും ഏണിക്കരയ്ക്കും ഇടയിലുള്ള വളവിലാണ് അപകടം സംഭവിച്ചത്. ക്രെയിനിന്റെ നീളം കൂടിയ ഭാഗം ബസിന്റെ മുൻവശത്തെ ഗ്ലാസിൽ തട്ടുകയായിരുന്നു. ഇതോടെ ബസിന്റെ മുൻഗ്ലാസ് തകർന്നു. അപകടത്തെ തുടർന്ന് ക്രെയിൻ സമീപത്തെ ചെറിയ കുഴിയിലേക്ക് മറിഞ്ഞുവീണു.
ബസിലുണ്ടായിരുന്ന യാത്രക്കാരിൽ ആർക്കും പരിക്കുകളില്ല. എന്നാൽ ക്രെയിൻ ഡ്രൈവർക്ക് ചെറിയ പരിക്കേറ്റതായി റിപ്പോർട്ടുണ്ട്.നാലുവരിപ്പാത നിർമാണത്തിന്റെ ഭാഗമായി സ്ഥലത്ത് അശാസ്ത്രീയമായ ക്രമീകരണങ്ങൾ വരുത്തിയതാണ് അപകടങ്ങൾക്ക് ഇടയാക്കുന്നതെന്ന ആരോപണം ഉയരുന്നുണ്ട്. ഉച്ചയ്ക്ക് 2.45 ഓടെയാണ് അപകടം നടന്നത്.അപകടത്തെ തുടർന്ന് തിരുവനന്തപുരം–തെങ്കാശി സംസ്ഥാന പാതയിൽ ഏകദേശം അരമണിക്കൂർ ഗതാഗതം തടസപ്പെട്ടു. പിന്നീട് വാഹനങ്ങൾ ഭാഗികമായി വഴിതിരിച്ചുവിട്ടാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.


