കോട്ടയം : ട്രെയിൻ യാത്രക്കാരൻ്റെ 32000 രൂപ വില വരുന്ന മൊബൈൽ ഫോൺ മോഷ്ടിച്ച കേസിൽ തിരുവനന്തപുരം സ്വദേശി കോട്ടയം റെയിൽവേ പൊലീസ് സംഘം അറസ്റ്റ് ചെയ്തു. തിരുവനന്തപുരം കുഞ്ചായം കരമന ശരത്ത് നിവാസിൽ മുരുകനെ (61) യാണ് കോട്ടയം റെയിൽവേ സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ റെജി പി ജോസഫിൻ്റെ നേതൃത്വത്തിലുള്ള സ്ഥലം അറസ്റ്റ് ചെയ്തത്. ഡിസംബർ 31 ന് പുലർച്ചെ 12.30 ന് തിരുവനന്തപുരം സെൻട്രൽ എക്സ്പ്രസിലായിരുന്നു സംഭവം. ട്രെയിനിലെ എ സി കോച്ചിലായിരുന്നു മോഷണം. പരാതിക്കാരൻ ശുചിമുറിയിൽ പോയ സമയത്താണ് പ്രതി മൊബൈൽ മോഷ്ടിച്ചത്. തുടർന്ന്, യാത്രക്കാരൻ വിവരം കോട്ടയം റെയിൽവേ പൊലീസ് സംഘത്തെ അറിയിക്കുകയായിരുന്നു. തുടർന്ന് , റെയിൽവേ പൊലീസ് എസ് എച്ച് ഒ റെജി പി ജോസഫ് വിവരം ഡ്യൂട്ടിയിലുണ്ടായിരുന്ന സിവിൽ പൊലീസ് ഓഫിസർമാരായ ശരത് , സജിത് എന്നിവരെ അറിയിച്ചു. തുടർന്ന് , ഇവർ നടത്തിയ തിരച്ചിലിൽ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട പ്രതിയെ റെയിൽവേ സ്റ്റേഷൻ പ്ളാറ്റ് ഫോമിൽ നിന്നും പിടികൂടി. തുടർന്ന് നടത്തിയ പരിശോധനയിൽ ഇയാളുടെ പക്കൽ നിന്നും മോഷണം പോയ മൊബൈൽ ഫോൺ കണ്ടെത്തി. കോട്ടയം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.
ട്രെയിൻ യാത്രക്കാരൻ്റെ മൊബൈൽ ഫോൺ മോഷ്ടിച്ചു: തിരുവനന്തപുരം സ്വദേശിയെ കോട്ടയം റെയിൽവേ പൊലീസ് സംഘം അറസ്റ്റ് ചെയ്തു


