മൂക്കിൽ വിരലിടുന്ന ശീലം ഡിമെൻഷ്യയ്ക്ക് കാരണമാകാം; ശാസ്ത്രീയ പഠനത്തിൽ മുന്നറിയിപ്പ്

ഹെൽത്ത്‌ ഡെസ്ക്:മൂക്കിൽ വിരലിടുന്ന ശീലം കുട്ടിക്കാലത്ത് സാധാരണമായിരുന്നാലും, ഇത് ദീർഘകാലത്ത് തലച്ചോറിന്റെ ആരോഗ്യത്തിന് ഗുരുതരമായ പ്രശ്നങ്ങൾ സൃഷ്ടിക്കാമെന്ന മുന്നറിയിപ്പുമായി ശാസ്ത്രീയ പഠനം. മൂക്കിൽ വിരലിടുന്ന സ്വഭാവം ഡിമെൻഷ്യയ്ക്ക്, പ്രത്യേകിച്ച് അൽഷിമേഴ്‌സ് രോഗത്തിന്, സാധ്യത വർധിപ്പിക്കാമെന്ന് 2022ൽ ഓസ്‌ട്രേലിയയിലെ ഗ്രിഫിത്ത് സർവകലാശാലയിലെ ഗവേഷകർ നടത്തിയ പഠനം വ്യക്തമാക്കുന്നു.ഡിമെൻഷ്യ ബാധിച്ച ചിലരിൽ മനുഷ്യരിൽ ന്യുമോണിയ പോലുള്ള രോഗങ്ങൾക്ക് കാരണമാകുന്ന ക്ലമീഡിയ ന്യുമോണിയ എന്ന ബാക്ടീരിയയുടെ സാന്നിധ്യം തലച്ചോറിൽ കണ്ടെത്തിയതോടെയാണ് ഗവേഷണം ശ്രദ്ധ നേടിയത്. ഇതിന്റെ തുടർച്ചയായി എലികളിൽ നടത്തിയ പരീക്ഷണങ്ങളിൽ, ഈ ബാക്ടീരിയയ്ക്ക് മൂക്കിൽ നിന്ന് തലച്ചോറിലേക്ക് നേരിട്ട് ഘ്രാണ നാഡി വഴി സഞ്ചരിക്കാൻ കഴിയുന്നുവെന്ന് കണ്ടെത്തി.

Advertisements

മൂക്കിനുള്ളിലെ നേർത്ത സംരക്ഷണ പാളിക്ക് കേടുപാടുകൾ സംഭവിച്ചാൽ ബാക്ടീരിയകൾക്ക് തലച്ചോറിലേക്ക് പ്രവേശിക്കാൻ എളുപ്പമാകുമെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. എലികളിൽ നടത്തിയ പരീക്ഷണങ്ങളിൽ 24 മുതൽ 72 മണിക്കൂറിനുള്ളിൽ ബാക്ടീരിയ തലച്ചോറിലെത്തിയതായി കണ്ടെത്തി. ഇതോടെ തലച്ചോറിലേക്കുള്ള ഒരു ‘കുറുക്കുവഴി’ ആയിരിക്കാം മൂക്കെന്ന് ശാസ്ത്രജ്ഞർ വിലയിരുത്തുന്നു.അണുബാധയെ തുടർന്ന് എലികളുടെ തലച്ചോറിൽ അമിലോയിഡ്-ബീറ്റ പ്രോട്ടീൻ അമിതമായി അടിഞ്ഞുകൂടുന്നുവെന്നും പഠനം വ്യക്തമാക്കുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അൽഷിമേഴ്‌സ് രോഗികളുടെ തലച്ചോറിൽ സാധാരണയായി കാണപ്പെടുന്ന ഈ പ്രോട്ടീൻ അണുബാധയ്‌ക്കെതിരായ ശരീരത്തിന്റെ പ്രതിരോധപ്രവർത്തനത്തിന്റെ ഭാഗമായാണ് ഉത്പാദിപ്പിക്കപ്പെടുന്നത്. എന്നാൽ അതിന്റെ അമിത സാന്നിധ്യം തലച്ചോറിന് ദോഷകരമാണെന്ന് ഗവേഷകർ പറയുന്നു.എലികളിൽ നടത്തിയ പരീക്ഷണമെന്നതിനാൽ മനുഷ്യരിലും ഇതേ ഫലം ഉണ്ടാകുമോ എന്നത് സ്ഥിരീകരിക്കാൻ കൂടുതൽ പഠനങ്ങൾ ആവശ്യമാണെന്ന് ഗവേഷകർ വ്യക്തമാക്കി. എന്നിരുന്നാലും, മനുഷ്യരിലും ഇതേ ബാക്ടീരിയകൾ കാണപ്പെടുന്നതിനാൽ വിഷയം ഗൗരവമായി കാണണമെന്നും അവർ മുന്നറിയിപ്പ് നൽകുന്നു.

മൂക്കിന്റെ ആന്തരിക സംരക്ഷണ പാളിക്ക് കേടുപാടുകൾ ഉണ്ടാക്കുന്നതിനാൽ മൂക്കിൽ വിരലിടുന്നതും മൂക്കിലെ രോമങ്ങൾ പറിക്കുന്നതും ഒഴിവാക്കുന്നതാണ് നല്ലതെന്ന് ഗവേഷണ സംഘത്തിന് നേതൃത്വം നൽകിയ ന്യൂറോ സയന്റിസ്റ്റ് ജെയിംസ് സെന്റ് ജോൺ പറഞ്ഞു. ഇത്തരം ശീലങ്ങൾ ബാക്ടീരിയകൾ തലച്ചോറിലേക്ക് എത്താനുള്ള സാധ്യത വർധിപ്പിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.

Hot Topics

Related Articles