സ്ഥിരം സമിതികളിലെ വിന്യാസം വിവാദം;ഭരണം പിടിച്ചെങ്കിലും അധ്യക്ഷ സ്ഥാനങ്ങളിൽ പാളിച്ച;തിരുവനന്തപുരം കോർപറേഷനിൽ ബിജെപിക്കുള്ളിൽ അമർഷം

തിരുവനന്തപുരം:ചരിത്രത്തിൽ ആദ്യമായി തിരുവനന്തപുരം കോർപറേഷനിൽ ഭരണം പിടിച്ചെങ്കിലും, എല്ലാ സ്ഥിരം സമിതികളിലും അധ്യക്ഷ സ്ഥാനങ്ങൾ ഉറപ്പിക്കാൻ കഴിയാത്തതിൽ ബിജെപിക്കുള്ളിൽ ശക്തമായ അമർഷം ഉയരുന്നു. പാർട്ടിയുടെ മുൻ നിലപാട് പൊടുന്നനെ മാറ്റിയതും, മുതിർന്ന നേതാക്കളെ അധ്യക്ഷ സ്ഥാനങ്ങളിൽ നിന്ന് തഴഞ്ഞതുമാണ് അസന്തോഷത്തിന് കാരണം.കോർപറേഷനിൽ എട്ട് സ്ഥിരം സമിതികളാണുള്ളത്. ഇതിൽ ഡെപ്യൂട്ടി മേയർ അധ്യക്ഷ സ്ഥാനം വഹിക്കുന്ന ധനകാര്യ സ്ഥിരം സമിതിയിൽ വോട്ടെടുപ്പ് ഇല്ല. ശേഷിക്കുന്ന ഏഴ് സ്ഥിരം സമിതികളിൽ ആറു വീതം അംഗങ്ങളെ ഉൾപ്പെടുത്തി എല്ലാ സമിതികളിലും അധ്യക്ഷ സ്ഥാനം ഉറപ്പാക്കാനായിരുന്നു തിങ്കളാഴ്ച ചേർന്ന പാർട്ടി യോഗത്തിലെ തീരുമാനം. എന്നാൽ പിന്നീട് നിലപാട് മാറ്റി, ധനകാര്യ സമിതിയുൾപ്പെടെ ഏഴ് സ്ഥിരം സമിതികളിലും ഏഴ് വീതം അംഗങ്ങളെ ഉൾപ്പെടുത്താൻ നേതൃത്വം തീരുമാനിച്ചു.

Advertisements

50 അംഗങ്ങൾ മാത്രമുള്ള ബിജെപി, ഏഴ് സ്ഥിരം സമിതികളിലേക്ക് അംഗങ്ങളെ വിന്യസിച്ചതോടെ നികുതി-അപ്പീൽ സ്ഥിരം സമിതിയിൽ ഭൂരിപക്ഷം നഷ്ടമാകുന്ന അവസ്ഥയിലാണ്. നികുതി-അപ്പീൽ സ്ഥിരം സമിതിയിലേക്ക് ഒരു അംഗം മാത്രം നാമനിർദേശ പത്രിക സമർപ്പിച്ചാൽ മതിയെന്നാണ് പാർട്ടി നിർദേശം. ഈ സാഹചര്യത്തിൽ എൽഡിഎഫും യുഡിഎഫും ഒരുമിക്കാത്ത പക്ഷം പോലും, സമിതി അധ്യക്ഷ സ്ഥാനം ബിജെപിയുടെ കൈവശത്തിൽ നിന്ന് പോകാൻ സാധ്യതയുണ്ട്.“അപ്രധാനമായ സ്ഥിരം സമിതിയാണെങ്കിൽ പ്രതിപക്ഷ പാർട്ടികളിൽ ആരെങ്കിലും എടുത്തോട്ടെ” എന്ന നിലപാട് കൗൺസിലർമാരുടെ യോഗത്തിൽ പ്രതിഷേധത്തിന് ഇടയാക്കി. വോട്ടിങ് ഉൾപ്പെടെയുള്ള കാര്യങ്ങൾ വിശദീകരിക്കാൻ രാവിലെ 10ന് നിശ്ചയിച്ച യോഗം വൈകിട്ട് മൂന്ന് മണിയോടെയാണ് ആരംഭിച്ചത്.മുൻ കൗൺസിലിൽ എൽഡിഎഫിന് 53 അംഗങ്ങളുടെ പിന്തുണ ഉണ്ടായിരുന്നെങ്കിലും, ധനകാര്യ സ്ഥിരം സമിതിയിൽ ബിജെപി അംഗങ്ങൾക്കായിരുന്നു ഭൂരിപക്ഷം. ധനകാര്യ സമിതി പാസാക്കിയാൽ മാത്രമേ ഡെപ്യൂട്ടി മേയറിന് ബജറ്റ് അവതരിപ്പിക്കാൻ കഴിയൂ. എന്നാൽ ബിജെപി അംഗങ്ങൾ വിയോജന കുറിപ്പ് രേഖപ്പെടുത്തിയതോടെ 2024 ലെ ബജറ്റ് അവതരണം അനിശ്ചിതത്വത്തിലായി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വോട്ടെടുപ്പ് ഇല്ലെങ്കിലും ധനകാര്യ സമിതിയിൽ പ്രതിപക്ഷ അംഗങ്ങളെ കൂടുതലായി ഉൾപ്പെടുത്തുന്നത് തിരിച്ചടിയാകുമെന്ന ആശങ്കയെ തുടർന്നാണ് ഒരു സ്ഥിരം സമിതി നഷ്ടപ്പെട്ടാലും മറ്റ് ഏഴ് സമിതികളിലും ഏഴ് അംഗങ്ങളെ വീതം ഉൾപ്പെടുത്താൻ തീരുമാനിച്ചതെന്നാണ് സൂചന. സ്ഥിരം സമിതി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്ന മുതിർന്ന നേതാക്കളിൽ പലരെയും ഒഴിവാക്കിയതിലും പാർട്ടിക്കുള്ളിൽ കടുത്ത അസന്തോഷം നിലനിൽക്കുന്നു.

Hot Topics

Related Articles