തൃശ്ശൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള സന്നദ്ധത അറിയിച്ച് കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ. പാർട്ടി ആവശ്യപ്പെട്ടാൽ സംസ്ഥാനത്തെ ഏത് മണ്ഡലത്തിലും മത്സരിക്കാൻ തയ്യാറാണെന്ന് സന്ദീപ് വാര്യർ മാധ്യമങ്ങളോട് പറഞ്ഞു. തൃശ്ശൂർ തനിക്ക് വൈകാരികമായി ഏറെ അടുപ്പമുള്ള സ്ഥലമാണെന്നും അവിടെ നിരവധി സുഹൃത്തുക്കളുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ രണ്ടാംവാരം നടക്കുമെന്ന സൂചനകൾ ശക്തമായിരിക്കെയാണ് സന്ദീപ് വാര്യരുടെ പ്രതികരണം.പാലക്കാട് കെ.സുരേന്ദ്രൻ ബിജെപി സ്ഥാനാർത്ഥിയാകുന്നത് ഏറെ സന്തോഷകരമാണെന്നും, ബിജെപിക്ക് സ്വന്തം ശക്തി തെളിയിക്കാനുള്ള അവസരമാണിതെന്നും അദ്ദേഹം പറഞ്ഞു.
സുരേന്ദ്രൻ മത്സരിച്ചാൽ പാലക്കാട് ബിജെപി മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെടുമെന്നും സന്ദീപ് വാര്യർ വിമർശിച്ചു.ഇതിനിടെ കേരളം നിയമസഭാ തെരഞ്ഞെടുപ്പ് ചൂടിലേക്ക് കടക്കുകയാണ്. സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ അടുത്ത മാസം കേരളത്തിലെത്തും. മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറും മറ്റ് കമ്മീഷണർമാരും സംസ്ഥാനത്തെ ഒരുക്കങ്ങൾ നേരിട്ട് വിലയിരുത്തും. ഏപ്രിൽ രണ്ടാംവാരം തെരഞ്ഞെടുപ്പ് നടത്താനുള്ള സാധ്യതയാണ് നിലവിൽ പരിഗണിക്കുന്നത്. തെരഞ്ഞെടുപ്പ് ഒറ്റഘട്ടമായി നടത്താനാണ് പ്രാഥമിക ആലോചന.അതേസമയം, അർഹരായ മുഴുവൻ പൗരന്മാരെയും വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തുന്നതിന് അടിയന്തര നടപടികൾ സ്വീകരിക്കാൻ സർക്കാർ തീരുമാനിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മതിയായ രേഖകൾ കൈവശമില്ലാത്തവർക്ക് യുദ്ധകാലാടിസ്ഥാനത്തിൽ രേഖകൾ ലഭ്യമാക്കുന്നതിനായി ജില്ലാ കളക്ടർമാർക്ക് നിർദേശം നൽകി. ഈ കാലയളവിൽ രേഖകൾ ലഭ്യമാക്കുന്നതിന് ഫീസ് ഈടാക്കില്ല.വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനായി ജനങ്ങളെ സഹായിക്കുന്നതിന് പ്രാദേശികാടിസ്ഥാനത്തിൽ സഹായക കേന്ദ്രങ്ങൾ (Help Desk) സ്ഥാപിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചിട്ടുണ്ട്. ആവശ്യമായ സ്ഥലങ്ങളിലെല്ലാം പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകാത്ത രീതിയിൽ ഹിയറിംഗ് കേന്ദ്രങ്ങൾ സജ്ജീകരിക്കും.ഹിയറിംഗ് കേന്ദ്രങ്ങളിൽ ആവശ്യത്തിന് ഉദ്യോഗസ്ഥരുടെയും വോളന്റിയർമാരുടെയും സേവനം ഉറപ്പാക്കും. ഓൺലൈനായി ഫോമുകൾ സമർപ്പിക്കാനുള്ള സൗകര്യം എല്ലാ സഹായക കേന്ദ്രങ്ങളിലും ഒരുക്കും. അക്ഷയ സെന്ററുകൾ ഈടാക്കുന്ന ഫീസ് ലഘൂകരിക്കാൻ ഐടി വകുപ്പിനും സർക്കാർ നിർദേശം നൽകിയിട്ടുണ്ട്.


