തണുപ്പുകാലത്തെ അമിത ചായകുടി; ആരോഗ്യത്തിന് മുന്നറിയിപ്പുമായി വിദഗ്ധർ

ഹെൽത്ത്‌ ഡെസ്ക്:തണുപ്പുകാലത്ത് ഒരു കപ്പ് ചൂടുചായ നൽകുന്ന ആശ്വാസം പലർക്കും ഒഴിവാക്കാനാകാത്തതാണ്. കൈകൾക്ക് ചൂടും മനസ്സിന് ഉന്മേഷവും നൽകുന്ന ചായ ശൈത്യകാല ദിനചര്യയുടെ അവിഭാജ്യഘടകമായി മാറിയിട്ടുണ്ട്. എന്നാൽ, ഈ ശീലമാണ് പലപ്പോഴും അമിതമായ ചായകുടിയിലേക്ക് നയിക്കുന്നതെന്നും അത് ഗുരുതര ആരോഗ്യപ്രശ്‌നങ്ങൾക്ക് വഴിവയ്ക്കുമെന്നും ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.മിതമായ അളവിൽ ചായ ഉപയോഗിക്കുന്നത് ശരീരത്തിന് ഗുണകരമാണെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. ചായയിൽ അടങ്ങിയിരിക്കുന്ന ഫ്‌ലേവനോയിഡുകൾ, കാറ്റെച്ചിനുകൾ തുടങ്ങിയ ആന്റിഓക്‌സിഡന്റുകൾ ശരീരത്തിലെ ഓക്സിഡേറ്റീവ് സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്നു. ഹൃദ്രോഗം, പക്ഷാഘാതം, ടൈപ്പ്-2 പ്രമേഹം തുടങ്ങിയ രോഗങ്ങളുടെ സാധ്യത കുറയ്ക്കാനും ചായ സഹായകരമാണെന്ന് വിദഗ്ധർ പറയുന്നു.

Advertisements

ചായയിലെ കഫീനും എൽ-തിനൈനും മസ്തിഷ്‌കത്തിന് ഏകാഗ്രതയും ഉന്മേഷവും നൽകുന്ന ഘടകങ്ങളാണ്. ഇഞ്ചി, പുതിന എന്നിവ ചേർത്ത ഹെർബൽ ചായകൾ ശൈത്യകാലത്തെ ജലദോഷം, പനി എന്നിവയ്‌ക്കെതിരെയുള്ള പ്രതിരോധശേഷി വർധിപ്പിക്കാനും സഹായിക്കും.അതേസമയം, അമിതമായ ചായകുടി ആരോഗ്യത്തിന് തിരിച്ചടിയാകാനും സാധ്യതയുണ്ട്. ചായയിൽ അടങ്ങിയിരിക്കുന്ന ടാന്നിനുകൾ ഭക്ഷണത്തിലൂടെ ലഭിക്കുന്ന ഇരുമ്പിന്റെ ആഗിരണം തടസ്സപ്പെടുത്തും. ഇത് വിളർച്ചയുള്ളവർക്കും സസ്യഭുക്കുകൾക്കും കൂടുതൽ ദോഷകരമാകും. ഒരു ദിവസം 400 മില്ലിഗ്രാമിലധികം കഫീൻ ശരീരത്തിലേക്ക് എത്തുന്നത് ഉറക്കക്കുറവ്, ഉത്കണ്ഠ, നെഞ്ചിടിപ്പ്, തലവേദന തുടങ്ങിയ പ്രശ്‌നങ്ങൾക്ക് കാരണമാകാം.വെറും വയറ്റിൽ കടുപ്പമേറിയ ചായ കുടിക്കുന്നത് അസിഡിറ്റിയിലേക്കും തലകറക്കത്തിലേക്കും നയിക്കുമെന്നും ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കൂടാതെ, അമിതമായി ചായ ഉപയോഗിക്കുന്നത് പല്ലുകളിൽ കറയുണ്ടാക്കാനും ചായയോടുള്ള ആശ്രിതത്വം വർധിക്കാനും ഇടയാക്കും.പൊതുവേ, ആരോഗ്യവാനായ ഒരാൾക്ക് ഒരു ദിവസം മൂന്നു മുതൽ നാല് കപ്പ് വരെ ചായ സുരക്ഷിതമായി കുടിക്കാമെന്നാണ് വിദഗ്ധാഭിപ്രായം. കഫീൻ സെൻസിറ്റിവിറ്റിയുള്ളവരും മറ്റ് ആരോഗ്യപ്രശ്‌നമുള്ളവരും ഈ അളവ് കുറയ്ക്കണം. ഗർഭിണികൾ രണ്ട് കപ്പിൽ കൂടുതൽ ചായ കുടിക്കുന്നത് ഒഴിവാക്കേണ്ടതുണ്ടെന്നും നിർദേശമുണ്ട്. ശൈത്യകാലത്ത് ചായ കുടിക്കുമ്പോൾ അമിതമായി പഞ്ചസാരയോ ക്രീമോ ചേർക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്നും, അത്യധികം ചൂടോടെ ചായ കുടിക്കുന്നത് വായയ്ക്കും തൊണ്ടയ്ക്കും പൊള്ളലേൽപ്പിക്കുമെന്നും ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.ശൈത്യകാലത്തെ തണുപ്പ് അകറ്റാൻ ചായ മികച്ച പാനീയമാണെങ്കിലും, അത് ആരോഗ്യത്തിന് ഭീഷണിയാകാത്ത വിധത്തിൽ മിതമായി ഉപയോഗിക്കേണ്ടതുണ്ടെന്ന് വിദഗ്ധർ ആവർത്തിക്കുന്നു. ശരീരത്തിന്റെ പ്രതികരണങ്ങൾ ശ്രദ്ധിച്ച് ചായയുടെ അളവ് ക്രമീകരിക്കുന്നത് ആരോഗ്യകരമായ ജീവിതത്തിന് വഴിയൊരുക്കുമെന്നും അവർ പറയുന്നു.

Hot Topics

Related Articles