ആലപ്പുഴയില്‍ സിപിഎം ജയിച്ചത് എസ്ഡിപിഐ വോട്ടില്‍; എകെ ബാലന്‍ വര്‍ഗീയത പറയുന്നത് തോല്‍വിയിലെ നിരാശയില്‍ നിന്നെന്ന് കെസി വേണുഗോപാല്‍ എംപി 

ആലപ്പുഴ : എകെ ബാലന്റെ പ്രസ്താവന പച്ച വര്‍ഗീയതയാണെന്നും സിപിഎമ്മിന്റെ നിരാശയില്‍ നിന്നുണ്ടായതാണെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി. ആലപ്പുഴ നഗരസഭയിലെ സ്റ്റാന്‍ഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പില്‍ എസ്ഡിപിഐ സഹായത്തോടെയാണ് എല്‍ഡിഎഫ് വിജയിച്ചതെന്നും സ്വന്തം തോല്‍വിക്ക് കാരണം കണ്ടെത്താന്‍ ശ്രമിക്കുന്നതിന് പകരം സമൂഹത്തില്‍ വര്‍ഗീയ വിഷം കലര്‍ത്താനാണ് സിപിഎം ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Advertisements

ഇത് ബോധപൂര്‍വം എകെ ബാലനെക്കൊണ്ട് പറയിപ്പിച്ചതാണ്. തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ സിപിഎം വര്‍ഗീയത പ്രചരിപ്പിക്കുകയാണ്. തോല്‍വിയുടെ യഥാര്‍ഥ കാരണങ്ങള്‍ കണ്ടെത്തി നടപടിയെടുക്കുന്നതിന് പകരമാണ് ഇത്തരം വര്‍ഗീയത വിളമ്പുന്നതെന്നും അദ്ദേഹം പരിഹസിച്ചു. ആലപ്പുഴയില്‍ എസ്ഡിപിഐയുടെ സഹായത്തോടുകൂടി മുനിസിപ്പല്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനം നേടാന്‍ സിപിഎം പരസ്യമായ നടപടിയെടുത്തു. എന്നിട്ടാണ് അവര്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ ജമാഅത്തെ ഇസ്ലാമിയാകും ആഭ്യന്തര മന്ത്രിയെന്ന് തിരിച്ചു പറയുന്നത്. കോണ്‍ഗ്രസ് ഒരു വര്‍ഗീയ ശക്തികളുമായും സഖ്യമുണ്ടാക്കിയിട്ടില്ല. ഇനിയൊരിക്കലും അത്തരമൊരു നീക്കം ഉണ്ടാവില്ല. വര്‍ഗീയ ശക്തികളുമായി യാതൊരു വിട്ടുവീഴ്ചയ്ക്കും കോണ്‍ഗ്രസ് തയ്യാറല്ല. നിലവില്‍ ജനം മാറ്റം ആഗ്രഹിക്കുന്നുണ്ട്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഭരണ പരാജയങ്ങള്‍ മറച്ചുവയ്ക്കാനാണ് ഇത്തരത്തിലുള്ള പ്രസ്താവനകള്‍ നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കേരളീയ സമൂഹത്തില്‍ വര്‍ഗീയതയുടെ വിഷം വിളമ്പാനാണ് ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. ജനങ്ങള്‍ക്കിടയില്‍ വര്‍ഗീയത പ്രചരിപ്പിച്ചതിന് മുഖ്യമന്ത്രി പിണറായി വിജയനാണ് മറുപടി പറയേണ്ടത്. ഇത്തരം നിലപാടുകള്‍ പിന്‍വലിക്കാന്‍ സിപിഎം തയാറാകണം. ആലപ്പുഴ നഗരസഭയില്‍ എസ്ഡിപിഐയുമായി സഖ്യമുണ്ടാക്കിയ വിഷയത്തില്‍ സിപിഎം മറുപടി പറയണമെന്നും മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം ആവശ്യപ്പെട്ടു. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളെ നേരിടാന്‍ കോണ്‍ഗ്രസ് സജ്ജമാണ്. കേരളത്തില്‍ വന്‍ ഭൂരിപക്ഷത്തോടെ വിജയിക്കാന്‍ ആവശ്യമായ ക്രമീകരണങ്ങള്‍ പാര്‍ട്ടി എല്ലാ തലങ്ങളിലും പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ശബരിമല സ്വര്‍ണക്കൊള്ള കൃത്യമായ അന്വേഷണം നടന്നാല്‍ സിപിഎം നേതാക്കള്‍ക്ക് പുറത്തിറങ്ങി നടക്കാന്‍ കഴിയില്ല: 

ശബരിമലയിലെ സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട വിഷയത്തിലും അദ്ദേഹം രൂക്ഷമായ പ്രതികരണം നടത്തി. സംഭവത്തില്‍ കൃത്യമായ അന്വേഷണം നടന്നാല്‍ സിപിഎം നേതാക്കള്‍ക്ക് പുറത്തിറങ്ങി നടക്കാന്‍ കഴിയാത്ത അവസ്ഥയുണ്ടാകും. ഓരോ ദിവസം കഴിയുന്തോറും ഈ അഴിമതിയുടെ വ്യാപ്തി വര്‍ധിച്ചു വരികയാണെന്നും കെസി വേണുഗോപാല്‍ ആരോപിച്ചുമുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പങ്ക് വ്യക്തമാക്കുന്നതാണ് എസ് ഐടിയുടെ റിപ്പോര്‍ട്ട്. എന്നിട്ടും അദ്ദേഹത്തിനെതിരെ സിപിഎം നടപടിയെടുക്കുന്നില്ല. ഇനിയും പല ഉന്നതരും പുറത്തുവരാനുള്ളതിനാല്‍ സിപിഎം പത്മകുമാറിനെ ന്യായീകരിക്കുകയാണ്. ഇത് അങ്ങേയറ്റം അപഹാസ്യമാണ്.  ഹൈക്കോടതിയാണ് പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചതെങ്കിലും അവര്‍ക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മര്‍ദ്ദമുണ്ട്. തദ്ദേശതിരഞ്ഞെടുപ്പ് വേളയില്‍ അറസ്റ്റിലേക്ക് പോകാതിരുന്നത് അതിന് തെളിവ്. അതിനാല്‍ കോടതി നിരീക്ഷണത്തില്‍ മറ്റൊരു ഏജന്‍സി ഈ കേസ് അന്വേഷിക്കണം എന്ന് കോണ്‍ഗ്രസ് നേരത്തെ തന്നെ പറഞ്ഞിട്ടുള്ളതാണെന്നും വേണുഗോപാല്‍ പറഞ്ഞു. 

മുന്നണി ചര്‍ച്ചകള്‍ക്ക് യുഡിഎഫ് തുടക്കം കുറിക്കും. കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണം പാര്‍ട്ടി സംവിധാനം അനുസരിച്ച് നടത്തും. പൊതുസമൂഹത്തില്‍ അത്തരം ചര്‍ച്ചകള്‍ നടത്തുന്നത് ഗുണകരമല്ല. യുഡിഎഫിന്റെ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിന് വ്യവസ്ഥാപിതമായ നടപടികളുണ്ടെന്നും കെസി വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു. 

*സര്‍ക്കാര്‍ ശ്രമം ചികിത്സാപിഴവ് മറച്ചുപിടിക്കാന്‍*

ആരോഗ്യമേഖലയില്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന ചികിത്സാ പിഴവിനെയും കെസി വേണുഗോപാല്‍ വിമര്‍ശിച്ചു. ചികിത്സാ പിഴവ് സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ടിന്റെ ചരിത്രം പരിശോധിച്ചാല്‍ അതിലൊന്നും വീഴ്ചയുണ്ടായിട്ടില്ലെന്നാണ്. പിന്നെ എങ്ങനെയാണ് ഇത്തരത്തില്‍ മരണം സംഭവിക്കുന്നത് എന്നതില്‍ ആരോഗ്യവകുപ്പിന് മറുപടിയില്ല. ശരിയായവിധം അന്വേഷിക്കാത്തത് കൊണ്ടാണ് ഇത്തരം സംഭവങ്ങളില്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയുണ്ടാകാത്തത്.  ഭാവിയില്‍ ഇത്തരം സംവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍  ശ്രമിക്കുന്നതിന് പകരം വീഴ്ച മറച്ചുപിടിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. കേരളത്തിലെ ആരോഗ്യവകുപ്പിന് ഉണ്ടായിട്ടുള്ളത് ഗുരുതര വീഴ്ചയും പാളിച്ചയുമാണ്. ചികിത്സാപിഴവ് തുടര്‍ക്കഥയാകുമ്പോഴും അതെല്ലാം മറച്ചുവെയ്ക്കാനാണ് ആരോഗ്യവകുപ്പ് ശ്രമിക്കുന്നത്. പ്രശ്‌നം പരിഹരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടത്. സര്‍ക്കാര്‍ ആശുപതികളില്‍ ആവശ്യത്തിന് ജീവനക്കാരും മരുന്നും ഇല്ല. ഇത് തുറന്ന് പറയുന്ന ജീവനക്കാരെ ശത്രുവായി കാണുന്നു. ആരോഗ്യ രംഗത്ത്  അടിസ്ഥാന സാകര്യങ്ങള്‍ ഒരുക്കാതെ നമ്പര്‍ വണ്ണാണെന്ന് പരസ്യവാചകം ഇറക്കുകമാത്രമാണ് സര്‍ക്കാര്‍. ഹരിപ്പാട് സര്‍ക്കാര്‍ ആശുപത്രിയില്‍ ഡയാലിസിസ് ചികിത്സയ്ക്ക് വിധേയരായ അഞ്ച് രോഗികളില്‍ രണ്ട് പേര്‍ ദിവസങ്ങള്‍ക്കുള്ളില്‍ മരിച്ച സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തണമെന്ന  ആവശ്യപ്പെട്ടു. പേരിന് അന്വേഷണം നടത്തും നടപടിയെടുക്കില്ലെന്നും വേണുഗോപാല്‍ കുറ്റപ്പെടുത്തി.

Hot Topics

Related Articles