പാലക്കാട്:ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന് കുരുക്കായി രണ്ടാംപ്രതിയുടെ മൊഴി. അതിജീവിതയ്ക്ക് ഒരു പൊതി കൈമാറിയതായി രണ്ടാംപ്രതി ജോബി ജോസഫ് അന്വേഷണ സംഘത്തിന് മൊഴി നൽകി.എന്നാൽ പൊതിയിൽ എന്താണ് ഉണ്ടായിരുന്നതെന്ന് തനിക്കറിയില്ലായിരുന്നുവെന്നും ജോബി പറഞ്ഞു. രാഹുലിന്റെയും അതിജീവിതയുടെയും ഒരു സുഹൃത്ത് തന്നെയാണ് പൊതിയെടുത്ത് നൽകാൻ ആവശ്യപ്പെട്ടതെന്നും മൊഴിയിലുണ്ട്.കേസുമായി ബന്ധപ്പെട്ട് ജോബി ജോസഫിനെ അന്വേഷണ സംഘം ചോദ്യം ചെയ്തു. ഗർഭഛിദ്രത്തിനുള്ള ഗുളിക അതിജീവിതയ്ക്ക് കൈമാറിയത് ജോബിയാണെന്നായിരുന്നു അതിജീവിതയുടെ മൊഴി. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘം ജോബിക്ക് നോട്ടീസ് നൽകുകയും ചോദ്യം ചെയ്യലിന് ഹാജരാക്കുകയും ചെയ്തത്.
ചോദ്യം ചെയ്യലിനിടെ മൊബൈൽ ഫോൺ ഹാജരാക്കാൻ അന്വേഷണ സംഘം ആവശ്യപ്പെട്ടെങ്കിലും ജോബി ഫോൺ കൊണ്ടുവന്നില്ല. മുൻകൂർ ജാമ്യം ലഭിച്ച ശേഷമായിരുന്നു ചോദ്യം ചെയ്യൽ. ഫോൺ ഹാജരാക്കിയില്ലെങ്കിൽ ജാമ്യം റദ്ദാക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് അന്വേഷണ സംഘം അറിയിച്ചു.അതേസമയം, രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് തടഞ്ഞ ഹൈക്കോടതി നടപടി ഈ മാസം 21 വരെ നീട്ടിയിട്ടുണ്ട്. കേസിൽ അതിജീവിതയെ കക്ഷി ചേർക്കാൻ കോടതി അനുമതി നൽകി.കക്ഷി ചേർക്കാനുള്ള അതിജീവിതയുടെ അപേക്ഷ കോടതി അംഗീകരിച്ചു.ജാമ്യാപേക്ഷയ്‌ക്കെതിരെ അതിജീവിത മറുപടി സത്യവാങ്മൂലം നൽകുമെന്നും അറിയിച്ചു.


