കോട്ടയം: രണ്ടു ദിവസം മുൻപ് പ്രസവിച്ച പശു കനത്ത ചൂടിനെ തുടർന്ന് ചത്തതായുള്ള ആരോപണവുമായി കർഷകൻ. കുറവിലങ്ങാട് കോഴ വട്ടമുകളേൽ ബിജുവിന്റെ അഞ്ചു വയസ് പ്രായമുള്ള പശുവാണ് ഇന്ന് ഉച്ചയോടെ കൂട്ടിൽ ചത്തത്. രണ്ടു ദിവസം മുൻപാണ് ഈ പശു പ്രസവിച്ചത്. ഇതേ തുടർന്ന് ഈ പശുവിനെ മാത്രം മറ്റൊരു കൂട്ടിലാക്കി മാറ്റി നിർത്തിയിരിക്കുകയായിരുന്നു. ഇതിനിടെയാണ് ഇന്ന് ഉച്ചയോടെ പശു കിതപ്പ് കാണിച്ച് കുഴഞ്ഞു വീണത്. ചൂട് പരിഗണിച്ച് പശുവിന്റെ കൂട്ടിൽ ഫാൻ അടക്കം വച്ചു നൽകിയിരുന്നു. വർഷങ്ങളായി ക്ഷീര കർഷകനായ ബിജുവിന് 150 ഓളം പശുക്കളും നിലവിലുണ്ട്. ഡോക്ടർ എത്തി പരിശോധിച്ചപ്പോഴേയ്ക്കും പശു ചത്തിരുന്നു.
ചൂട് വലിയ തോതിൽ വർദ്ധിച്ചതോടെ ക്ഷീരമേഖല പ്രതിസദ്ധിയിലായിരിക്കുകയാണെന്ന് കർഷക കോൺഗ്രസ് നേതാവ് എബി ഐപ്പ് പറഞ്ഞു. ഇന്ന് കുറവിലങ്ങാട് ചത്തത് കഴിഞ്ഞ സീസണിൽ 30 ലിറ്ററിനു മുകളിൽ പാലു ലഭിച്ച പശുവാണ്. വേനൽകാലത്ത് വൈക്കോലും കൈതപ്പോളയുമാണ് പ്രധാനമായും തീറ്റയായി നൽകുന്നത്. ഇവയിൽ ജലാംശം വളരെയധികം കുറഞ്ഞിരിക്കുകയാണ്. പുല്ലു കൃഷി ചെയ്യുന്നവരുടെയും അവസ്ഥ പരിതാപകരമാണ്. ജലാശയങ്ങളുടെ സമീപത്ത് അല്ലാതെയുള്ള കൃഷിയും നാശത്തിന്റെ വക്കിലാണ്. ഉത്പാദനത്തിൽ നാൽപ്പത് ശതമാനത്തിന്റെ കുറവാണ് ഉണ്ടായിരിക്കുന്നതെന്നും എബി ഐപ്പ് ആരോപിച്ചു.

