തൃശൂർ: റോഡ് മുറിച്ച് കടക്കുന്നതിനിടെ ഉണ്ടായ വാക്ക് തർക്കം ഏറ്റുമുട്ടലിലേക്കും വാളട്ടത്തിലേക്ക് വഴിമാറി. കാർ ഡ്രൈവറെ മർദിക്കുകയും വടിവാൾ കാട്ടി ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ 46 ക്രിമിനൽ കേസുകളിൽ പ്രതിയായ കാട്ടൂർ കാട്ടൂക്കടവ് സ്വദേശി ഹരീഷ് (50), എറണാകുളം മുളംതുരുത്തി സ്വദേശി ജിത്തു (29) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.സംഭവം ശനിയാഴ്ച വൈകിട്ട് 3.10ഓടെ വാടാനപ്പള്ളി ചിലങ്ക ജംഗ്ഷനിലാണ്.
ടാക്സി കാറിൽ എത്തിയ ഹരീഷ് റോഡ് മുറിച്ച് കടക്കുമ്പോൾ, എതിർവശത്തുനിന്നെത്തിയ കാറിലെ ഡ്രൈവർ വാക്ക് തർക്കത്തിൽ ഏർപ്പെട്ടു. കോപാകുലനായ ഹരീഷ് ഡ്രൈവറുടെ മുഖത്ത് അടിക്കുകയും പിന്നീട് വടിവാൾ കാട്ടി ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടർന്ന്, ഹരീഷും ജിത്തുവും കാറിൽ രക്ഷപ്പെട്ടു.വാഹന നമ്പർ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ, മതിലകം പൊലീസ് സ്റ്റേഷൻ പരിധിയിലെ മതിൽ മൂലയിൽ വാഹനം കണ്ടെത്തി. പിന്നാലെ പൊലീസ് സംഘം പിന്തുടർന്ന് പ്രതികളെ പിടികൂടി. കാറിനുള്ളിൽ നിന്നും വടിവാളടക്കം ആയുധങ്ങളും കണ്ടെത്തി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഹരീഷിനെതിരെയുള്ള കേസുകൾ
കാട്ടൂർ, വലപ്പാട്, ചേർപ്പ്, വാടാനപ്പള്ളി, മതിലകം, അന്തിക്കാട്, ഒല്ലൂർ, പാലാരിവട്ടം, ചേരാനെല്ലൂർ എന്നീ പൊലീസ് സ്റ്റേഷനുകളിലായി 46 കേസുകളിൽ ഹരീഷ് പ്രതിയാണ്. കൊലശ്രമം, കവർച്ച, അടിപിടി, അനധികൃതമായി സ്ഫോടക വസ്തു കൈവശം വയ്ക്കൽ, മയക്കുമരുന്ന് വിൽപ്പനക്കായി സൂക്ഷിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ജിത്തുവിനെതിരെയുള്ള കേസുകൾ
എറണാകുളം സെൻട്രൽ, തൃക്കാക്കര, ആലുവ, ചോറ്റാനിക്കര, വയനാട് വൈത്തിരി, മീനങ്ങാടി പൊലീസ് സ്റ്റേഷൻ പരിധികളിലായി കൊലപാതകം, കൊലശ്രമം, കവർച്ച, മോഷണം, തട്ടിക്കൊണ്ട് പോയി ആക്രമണം എന്നീ ഏഴ് കേസുകളിൽ ജിത്തു പ്രതിയാണ്.മതിലകം പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എം. കെ. ഷാജിയുടെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ പ്രദീപ് കുമാർ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ഷിജു, സനീഷ്, ഷനിൽ, ഷിജീഷ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.

