ന്യൂഡൽഹി: യുക്രെയ്നിനെതിരെ യുദ്ധം നടത്തുന്ന റഷ്യൻ സൈന്യത്തിന്റെ ഭാഗമായി 44 ഇന്ത്യക്കാർ പ്രവർത്തിക്കുന്നതായി വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. ഇവരുടെ മോചനത്തിനായി റഷ്യൻ അധികൃതരുമായി ബന്ധപ്പെടുന്നതായും, ഇന്ത്യക്കാരെ സൈന്യത്തിൽ റിക്രൂട്ട് ചെയ്യുന്ന ഈ രീതി അവസാനിപ്പിക്കണമെന്ന് റഷ്യയോട് ആവശ്യപ്പെട്ടതായും മന്ത്രാലയം അറിയിച്ചു.റഷ്യൻ അധികാരികളുമായും റഷ്യയിൽ കഴിയുന്ന ഇന്ത്യക്കാരുടെ കുടുംബങ്ങളുമായും വിദേശകാര്യ മന്ത്രാലയം നിരന്തരം ബന്ധപ്പെടുന്നുണ്ടെന്ന് വക്താവ് രൺധീർ ജയ്‌സ്വാൾ വ്യക്തമാക്കി.
റഷ്യയിൽ നിന്നുള്ള വിവരങ്ങൾ പ്രകാരം, ചില ഇന്ത്യക്കാരെ നിർബന്ധിച്ചാണ് സൈനിക സേവനത്തിലേക്ക് അയച്ചതെന്നാണ് സൂചന.റഷ്യൻ സൈന്യത്തിന്റെ ഭാഗമാകാനുള്ള വാഗ്ദാനങ്ങൾ സ്വീകരിക്കുന്നത് ജീവന് ഭീഷണിയാണെന്നും, ഇത്തരം ജോലി ഓഫറുകൾ നിരസിക്കണമെന്നും വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി. റഷ്യയിലുള്ളവരുമായി ബന്ധപ്പെടാൻ കഴിയാത്ത സാഹചര്യത്തിൽ കുടുംബങ്ങൾ സർക്കാരിനോട് അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടിട്ടുണ്ട്.റഷ്യൻ പ്രസിഡൻറ് വ്ലാഡിമിർ പുടിൻ ഡിസംബറിൽ ഇന്ത്യ സന്ദർശിക്കുന്നതിന് മുന്നോടിയായാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ ഈ പ്രതികരണം ഉണ്ടായിരിക്കുന്നത്.


