തിരുവല്ല:പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്ന് പത്തനംതിട്ട ജില്ലയിൽ തിരുവല്ല താലൂക്കിലെ നിരണം, കടപ്ര, പെരിങ്ങര പഞ്ചായത്തുകളിൽ വളർത്തുപക്ഷികളുടെ മുട്ടയും ഇറച്ചിയും വിൽപ്പനയ്ക്ക് നിരോധനം ഏർപ്പെടുത്തി. ഇന്നുമുതൽ ഏഴ് ദിവസത്തേക്കാണ് നിരോധനം പ്രാബല്യത്തിൽ വരുന്നത്.താറാവ്, കോഴി, കാട, മറ്റ് വളർത്തുപക്ഷികൾ എന്നിവയുടെ ഇറച്ചിയും മുട്ടയും വിൽക്കുന്നതിനും വിതരണം ചെയ്യുന്നതിനുമാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. പക്ഷിപ്പനി വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് നടപടി.ഇത് സംബന്ധിച്ച നിർദേശം ജില്ലാ കളക്ടർ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നൽകിയിട്ടുണ്ട്. നിരോധനം കർശനമായി നടപ്പാക്കുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സെക്രട്ടറിമാർ പ്രത്യേക സ്ക്വാഡുകൾ രൂപീകരിച്ച് പരിശോധന നടത്തണമെന്നും കളക്ടർ നിർദേശിച്ചു.കൂടുതൽ പക്ഷികളിലേക്ക് രോഗബാധ പടരാതിരിക്കാൻ ആവശ്യമായ എല്ലാ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് അറിയിച്ചു. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.
പക്ഷിപ്പനി തടയാൻ നടപടി;തിരുവല്ലയിലെ മൂന്ന് പഞ്ചായത്തുകളിൽ മുട്ട-ഇറച്ചി വിൽപ്പന നിരോധിച്ചു


