ദില്ലി: ഇന്ത്യൻ സൈന്യവുമായി ബന്ധപ്പെട്ട രഹസ്യ വിവരങ്ങൾ പാകിസ്ഥാന് ചോർത്തി നൽകിയ ഹരിയാന മേവാത് സ്വദേശിയെ അറസ്റ്റ് ചെയ്തു. പൽവാൽ പൊലീസിൻ്റെ ക്രൈം ഇൻവസ്റ്റിഗേഷൻ ഏജൻസിയാണ് ഇയാളെ പിടികൂടിയത്. തൗഫീഖ് എന്നാണ് പിടിയിലായ വ്യക്തിയുടെ പേര്. മേവാത്തിനടുത്ത് ഹാത്തിൻ ബ്ലോക്കിലെ അലിമേവ് എന്ന ഗ്രാമത്തിലെ താമസക്കാരനാണ്. വിദേശ വിസ സേവനം നടത്തുന്നതിൻ്റെ മറവിലാണ് ഇയാൾ പാകിസ്ഥാന് വിവരങ്ങൾ കൈമാറിയതെന്നാണ് വിവരം.
ഇന്ത്യൻ സൈന്യത്തിൻ്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട അതീവ രഹസ്യസ്വഭാവമുള്ള വിവരങ്ങൾ പാകിസ്ഥാൻ ഹൈക്കമ്മീഷന് ചോർത്തിക്കൊടുത്തുവെന്നാണ് ഇയാൾക്കെതിരെ ആരോപിച്ചിരിക്കുന്ന കുറ്റം. പ്രതിയുടെ ഫോണിൽ നിന്നും കേസുമായി ബന്ധപ്പെട്ട നിർണായക തെളിവുകൾ ലഭിച്ചെന്നാണ് പൊലീസ് പറയുന്നത്. ഇയാൾ 2022 ൽ പാകിസ്ഥാൻ സന്ദർശിച്ചിരുന്നതായും അതിർത്തി മേഖലയിലുള്ള ആളുകളുമായി ഇയാൾ സമ്പർക്കം നടത്തിയെന്നും പൊലീസ് ആരോപിക്കുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പാകിസ്ഥാനിലേക്ക് പോകാൻ നിരവധി പേർക്ക് വിസ സഹായം ലഭ്യമാക്കിയെന്നും കണ്ടെത്തിയിട്ടുണ്ട്. കേന്ദ്ര ഏജൻസികളും ഹരിയാന പൊലീസുമാണ് കേസ് അന്വേഷിക്കുന്നത്. ഇയാളുടെ പ്രവർത്തനങ്ങൾ ഏതൊക്കെ നിലയിലായിരുന്നുവെന്ന് വിശദമായി അന്വേഷിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.

