തിരുവനന്തപുരം: കഴക്കൂട്ടത്ത് നാലു വയസുകാരന്റെ ദുരൂഹ മരണം കൊലപാതകമാണെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമായി. പശ്ചിമബംഗാൾ സ്വദേശിനിയായ മുന്നി ബീഗത്തിന്റെ മകനായ ഗിൽദറിന്റെ മരണമാണ് കൊലപാതകമെന്ന് സ്ഥിരീകരിച്ചത്. കഴുത്തിൽ ഉണ്ടായ പരിക്കാണ് മരണകാരണമെന്ന് പ്രാഥമിക നിഗമനം.കഴക്കൂട്ടത്തെ ഒരു ലോഡ്ജിൽ താമസിച്ചിരുന്ന മുന്നി ബീഗവും, മഹാരാഷ്ട്ര സ്വദേശിയായ സുഹൃത്ത് തൻബീർ ആലവും ചേർന്നാണ് കുഞ്ഞിനെ ഇന്നലെ വൈകുന്നേരം ആറുമണിയോടെ കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും കുഞ്ഞ് മരിച്ച നിലയിലായിരുന്നു. ശരീരം തണുത്ത അവസ്ഥയിലായിരുന്നുവെന്നും ഡോക്ടർമാർ വ്യക്തമാക്കി.
ഉച്ചയ്ക്ക് ഭക്ഷണം നൽകിയ ശേഷം കുഞ്ഞിനെ ഉറക്കിയതായും, വൈകുന്നേരം അനക്കം ഇല്ലാതെ കിടക്കുന്നത് കണ്ടതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചതാണെന്നും മാതാവ് ഡോക്ടർമാരോട് പറഞ്ഞു. എന്നാൽ വിശദമായ പരിശോധനയിൽ കുട്ടിയുടെ കഴുത്തിൽ കയറോ തുണിയോ ഉപയോഗിച്ച് മുറുക്കിയതുപോലുള്ള രണ്ട് പാടുകൾ കണ്ടെത്തി. ഇതിനെ തുടർന്ന് മരണത്തിൽ ദുരൂഹത സംശയിച്ച് പൊലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു.സംഭവവുമായി ബന്ധപ്പെട്ട് മാതാവ് മുന്നി ബീഗത്തെയും സുഹൃത്ത് തൻബീർ ആലത്തെയും പൊലീസ് കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തുവരികയാണ്. ഇരുവരും കുറ്റം സമ്മതിച്ചിട്ടില്ല.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അസ്വാഭാവിക മരണത്തിന് രജിസ്റ്റർ ചെയ്ത കേസ് ഇനി കൊലപാതകമായി പുനർവിഭജിക്കുമെന്ന് പൊലീസ് അറിയിച്ചു. മാതാവിന്റെ പങ്കും പൊലീസ് വിശദമായി അന്വേഷിക്കുന്നുണ്ട്.പോസ്റ്റുമോർട്ടത്തിന് ശേഷം കുട്ടിയുടെ മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മറ്റ് ബന്ധുക്കൾ എത്തിയ ശേഷം മൃതദേഹം വിട്ടുനൽകും


