കോട്ടയം വാകത്താനം പിച്ചനാട്ടുകുളത്ത് വാഹനത്തിൽ കൊടുപോകുന്നതിനിടെ പുലി ചാടിപ്പോയോ..? വനം വകുപ്പും പൊലീസും ചേർന്ന് വാകത്താനത്ത് തിരച്ചിൽ നടത്തിയോ..? നാട്ടുമ്പുറത്ത് പ്രചരിക്കുന്ന കരക്കമ്പിയ്ക്ക് പിന്നിലെ സത്യം ഇങ്ങനെ

കോട്ടയം: വാകത്താനം പിച്ചനാട്ടുകുളം ഭാഗത്ത് വാഹനത്തിൽ കൊണ്ടു പോകുന്നതിനിടെ പുലി ചാടിപ്പോയി. അൽപം മുൻപ് ജാഗ്രത ന്യൂസ് ലൈവിന്റെ ഓഫിസിൽ ഫോണിൽ ബന്ധപ്പെട്ട നിരവധി വായക്കാർ അറിയിച്ച ഞെട്ടിക്കുന്ന വാർത്തയാണ് ഇത്. ഈ വാർത്ത കാട്ടു തീ പോലെ പടർന്നു. ചിലർ പൊടിപ്പും തൊങ്ങലും ചേർത്ത് വനം വകുപ്പും പൊലീസും ചേർത്ത് തിരച്ചിൽ ആരംഭിച്ചു എന്ന് വരെ തട്ടിവിട്ടു. ഇതിനിടെയാണ് ജാഗ്രത ന്യൂസിലേയ്ക്ക് ഒരു അഭ്യുദയ കാംഷി വിളിച്ചത്. അദ്ദേഹത്തിന്റെ ഭാര്യാ സഹോദരൻ പുലിയെ കണ്ടു എന്നായിരുന്നു അവകാശ വാദം. ദൃക്‌സാക്ഷിയുടെ ഫോൺ നമ്പരും ജാഗ്രതയുടെ ലേഖകന് നൽകി. ഞങ്ങൾ നേരിട്ട് ഈ പുലി ദൃക്‌സാക്ഷിയെ ഫോണിൽ വിളിച്ചു. വാകത്താനം പിച്ചനാട്ട് കുളം ഭാഗത്ത് പുലിയെ കണ്ടെന്നായി പുലിദൃക്‌സാക്ഷി. താങ്കൾ കണ്ടോ എന്ന് ചോദിച്ചപ്പോൾ ഞാൻ കണ്ടില്ല.. പക്ഷേ പുലി ഉണ്ടെന്നായി സാക്ഷി. പുലി എങ്ങിനെ കാടില്ലാത്ത വാകത്താന് എത്തിയെന്ന ചോദ്യത്തിന് വാഹനത്തിൽ കൊണ്ടു പോകുമ്പോൾ ചാടിപ്പോയി എന്നായിരുന്നു മറുപടി. അത് എങ്ങിനെ പുലിയെ കൊണ്ടു പോകും ചേട്ടാ എന്ന് ചോദിച്ചപ്പോൾ നിങ്ങൾ അന്വേഷിച്ച് കണ്ടെത്തു എന്നായി ദൃക്‌സാക്ഷി. ഒടുവിൽ ജാഗ്രത ന്യൂസ് ലൈവ് സംഘം വാകത്താനം പൊലീസിനെയും വനം വകുപ്പിനെയും ബന്ധപ്പെട്ടു. അത്തരത്തിൽ പുലിയെയുമായി ഒരു വാഹനവും പോയിട്ടില്ലെന്നും പുലി ചാടിപ്പോയിട്ടില്ലെന്നും പൊലീസും വനം വകുപ്പും ഉറപ്പിച്ചു. ഇതോടെയാണ് പുലിക്കഥ ആരുടെയോ മനസിൽ ഉദിച്ച ഭാവന മാത്രമാണ് എന്ന് വ്യക്തമായത്്.

Advertisements

Hot Topics

Related Articles