ചെന്നൈ: തമിഴ് സിനിമ ലോകത്ത് ഏറെ ശ്രദ്ധനേടിയ താരജോഡികളിലൊരാളാണ് നയൻതാരയും അജിത് കുമാറും. ബില്ല, ആരംഭം, വിശ്വാസം, ഏകൻ തുടങ്ങിയ ചിത്രങ്ങളിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചപ്പോൾ, ഈ ചിത്രങ്ങൾ വൻ വിജയങ്ങളായിരുന്നു. എന്നാൽ, കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇരുവരെയും ഒരുമിച്ച് സിനിമകളിൽ കാണാത്തതിനെ തുടർന്ന് നിരവധി അഭ്യൂഹങ്ങൾ പ്രചരിച്ചു തുടങ്ങി.നയൻതാരയുടെ ഭർത്താവും സംവിധായകനുമായ വിഗ്നേഷ് ശിവൻ, അജിത്തിനെ നായകനാക്കി ഒരു സിനിമ ചെയ്യാനൊരുങ്ങിയിരുന്നു. ലൈക പ്രൊഡക്ഷൻസ് നിർമ്മാണ ചുമതല ഏറ്റെടുത്തെങ്കിലും, പിന്നീട് വിഗ്നേഷിനെ സംവിധായകസ്ഥാനത്ത് നിന്ന് നീക്കി മഗിഴ് തിരുമേനിയെയാണ് പുതുതായി നിയമിച്ചത്. വിഗ്നേഷിന്റെ കഥ പ്രൊഡക്ഷൻ ഹൗസിന് ഇഷ്ടപ്പെട്ടില്ലെന്നതാണ് കാരണം.
ഈ സംഭവത്തിന് പിന്നാലെ നയൻതാരയും അജിത്തും തമ്മിലുള്ള സൗഹൃദത്തിൽ വിള്ളൽ വന്നുവെന്ന അഭ്യൂഹങ്ങൾ വ്യാപകമായി പ്രചരിച്ചു. ഇതിന് തുടർച്ചയായി, ഒരു പ്രമുഖ തമിഴ് മാധ്യമം “നയൻതാര ഭർത്താവിനെ അവഗണിച്ചതിന് പ്രതികാരമായി അജിത്തിനും ലൈക പ്രൊഡക്ഷൻസിനുമെതിരെ ദുർമ്മന്ത്രവാദം നടത്തി” എന്ന തരത്തിലുള്ള റിപ്പോർട്ട് പ്രസിദ്ധീകരിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
റിപ്പോർട്ടിൽ, അടുത്തിടെ അജിത്ത് കേരളം ഉൾപ്പെടെ വിവിധ ക്ഷേത്രങ്ങളിൽ നടത്തിയ ദർശനങ്ങൾ ‘പരിഹാരക്രിയകളുടെ ഭാഗമായിരുന്നു’ എന്നും പരാമർശിച്ചിരുന്നു.എന്നാൽ, ഈ റിപ്പോർട്ടുകൾ വെറും ഗോസിപ്പാണെന്ന് വ്യക്തമാക്കി രംഗത്ത് എത്തിയിരിക്കുകയാണ് പ്രമുഖ തമിഴ് യൂട്യൂബറായ അഹമ്മദ് മീരാൻ. നയൻതാരയ്‌ക്കും അജിത്തിനുമെതിരെ വരുന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും അതിനെ ബ്ലാക്ക് മാജിക്കായി ചിത്രീകരിക്കുന്നത് നാണംകെട്ട പ്രവൃത്തിയാണെന്നും അദ്ദേഹം പറഞ്ഞു. ഇരുവരുടെയും ഇടയിലുള്ളത് പ്രൊഫഷണൽ അഭിപ്രായവ്യത്യാസം മാത്രമായിരുന്നുവെന്നും അഹമ്മദ് മീരാൻ കൂട്ടിച്ചേർത്തു.


