ന്യൂഡൽഹി : ചെങ്കോട്ടയ്ക്ക് സമീപം നടന്ന സ്ഫോടനത്തിന് മുൻപായി ഉമർ നബി റെക്കോർഡ് ചെയ്ത വിഡിയോ പുറത്തുവന്നു. ആക്രമണത്തെ ന്യായീകരിക്കുന്ന തരത്തിലുള്ള ഇംഗ്ലീഷ് പ്രസംഗമാണ് വിഡിയോയിലുളളത്. ഭീകരാക്രമണത്തിന് ദിവസങ്ങൾക്കുമുമ്പ് ചിത്രീകരിച്ചതാണെന്നതാണ് അന്വേഷണ ഉദ്യോഗസ്ഥർ സൂചന.ചാവേർ ആക്രമണം എന്ന ആശയം തെറ്റിദ്ധരിക്കപ്പെട്ടതാണെന്നും അത് യഥാർത്ഥത്തിൽ ഒരു “രക്തസാക്ഷിത്വ പ്രവർത്തനമാണ്” എന്നും വിഡിയോയിൽ ഉമർ നബി പറയുന്നു. “ചാവേർ ആക്രമണം സംബന്ധിച്ച് നിരവധി വാദവൈരുധ്യങ്ങൾ ഉയർന്നുവന്നിട്ടുണ്ട്.
ഒരു വ്യക്തി ഒരു പ്രത്യേക സ്ഥലത്ത് ഒരു പ്രത്യേക സമയത്ത് മരിക്കുമെന്ന് അനുമാനിക്കുന്നതിനെയാണ് രക്തസാക്ഷിത്വ പ്രവർത്തനം എന്ന് പറയുന്നത്” എന്നായിരുന്നു ഉമറിൻ്റെ വാദം.അതേസമയം, ഉമർ ഒരു ‘ഷൂ ബോംബർ’ ആയിരിക്കാമെന്ന നിഗമനത്തിലാണ് അന്വേഷണസംഘം. അദ്ദേഹം ഉപയോഗിച്ച കാറിൽനിന്ന് കണ്ടെത്തിയ ഒരു ഷൂവിനുള്ളിൽ നിന്ന് ലോഹസമാനമായ വസ്തു കണ്ടെത്തിയതോടെയാണ് സംശയം കൂടുതൽ ശക്തമായത്. കാറിന്റെ വലതുവശത്തെ മുൻ ടയറിനടുത്തുള്ള ഡ്രൈവിങ് സീറ്റിലാണ് ഷൂ കണ്ടെത്തിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സ്ഫോടനത്തിൽ ഉപയോഗിച്ചതായി കരുതുന്ന അതിതീവ്ര സ്ഫോടകവസ്തുവായ ‘മദർ ഓഫ് സാത്താൻ’ എന്നറിയപ്പെടുന്ന ട്രയാസിറ്റോൺ ട്രൈപെറോക്സൈഡ് (TATP) ന്റെ സാന്നിധ്യം ടയറിലും ഷൂവിലും കണ്ടെത്തിയിട്ടുണ്ട്. ജയ്ഷെ ഭീകരർ വൻതോതിലുള്ള ആക്രമണങ്ങളിൽ ഉപയോഗിക്കുന്ന രാസവസ്തുവാണിത്. ചെങ്കോട്ട സ്ഫോടനത്തിൽ (TATP)–യും അമോണിയം നൈട്രേറ്റും ചേർന്ന മിശ്രിതം ഉപയോഗിച്ചതാണെന്നും പരിശോധനയിൽ സ്ഥിരീകരിച്ചു.


