ഹെൽത്ത് ഡെസ്ക്:രക്തസമ്മർദം നിയന്ത്രിക്കാൻ വ്യാപകമായി ഉപയോഗിക്കുന്ന ഒരു മരുന്ന് ക്യാൻസറിന് കാരണമാകാൻ സാധ്യതയുള്ള രാസവസ്‌തു അടങ്ങിയതായി കണ്ടെത്തിയതിനെ തുടർന്ന് അമേരിക്കൻ ഫാർമസ്യൂട്ടിക്കൽ കമ്പനി ടേവ (Teva Pharmaceuticals) വിപണിയിൽ നിന്ന് മരുന്ന് സ്വമേധയാ തിരിച്ചുവിളിച്ചു.യു.എസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ (FDA) അനുമതിയോടെയാണ് പിൻവലിക്കൽ നടന്നത്. പ്രാസോസിൻ ഹൈഡ്രോക്ലോറൈഡ് (Prazosin Hydrochloride) എന്ന പേരിൽ വിപണിയിലെത്തിച്ചിരുന്ന രക്തസമ്മർദ മരുന്നിന്റെ ചില ബാച്ചുകളിലാണ് “എൻ-നൈട്രോസോ പ്രാസോസിൻ ഇംപ്യൂരിറ്റി സി” (N-nitroso prazosin impurity C) എന്ന ക്യാൻസർ സാദ്ധ്യതയുള്ള നൈട്രോസാമൈൻ രാസവസ്‌തു കണ്ടെത്തിയത്.
അരദശലക്ഷത്തിലധികം കുപ്പികൾ പിൻവലിച്ചു
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മുൻകരുതൽ നടപടിയായി കമ്പനി 5,80,000-ലധികം കുപ്പികളാണ് വിപണിയിൽ നിന്ന് പിൻവലിച്ചത് ഇതിൽ
1 മില്ലിഗ്രാം പതിപ്പിന്റെ 1,81,659 കുപ്പികൾ
2 മില്ലിഗ്രാം പതിപ്പിന്റെ 2,91,512 കുപ്പികൾ
5 മില്ലിഗ്രാം പതിപ്പിന്റെ 1,07,673 കുപ്പികൾഎന്നിങ്ങനെ ഉൾപ്പെടുന്നു. ഓരോ കുപ്പിയിലും 1000 ഗുളികകളാണ് അടങ്ങിയിരിക്കുന്നത്.
അപകടസാധ്യതയും മുന്നറിയിപ്പും
നൈട്രോസാമൈനുകൾ ചെറുഅളവിൽ ചില ഭക്ഷണങ്ങളിലോ വെള്ളത്തിലോ കാണാറുണ്ടെങ്കിലും, ദിവസേന ഉപയോഗിക്കുന്ന മരുന്നുകളിൽ ഇതിന്റെ അംശം അടങ്ങിയാൽ ക്യാൻസറിന് കാരണമാകാം എന്നതാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. അതിനാൽ മരുന്ന് കൈവശമുള്ളവർ അത് ഉടൻ ഉപേക്ഷിച്ച് വാങ്ങിയ സ്ഥലത്ത് തന്നെ തിരികെ ഏൽപ്പിക്കണം എന്നും ടെവ ഫാർമസ്യൂട്ടിക്കൽസ് നിർദേശിച്ചു.
രോഗികൾ എന്ത് ചെയ്യണം
മരുന്ന് സ്ഥിരമായി ഉപയോഗിക്കുന്നവർ സ്വമേധയാ മരുന്ന് നിർത്തരുത്. രക്തസമ്മർദ മരുന്ന് പെട്ടെന്ന് നിർത്തുന്നത് ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണമാകാമെന്നതിനാൽ ഡോക്ടറുടെ ഉപദേശപ്രകാരം മാത്രമേ മാറ്റം വരുത്താവൂ എന്നും കമ്പനി വ്യക്തമാക്കി. ഇതുവരെ ഈ മരുന്ന് ഉപയോഗിച്ച രോഗികളിൽ പ്രതികൂല ഫലങ്ങൾ രേഖപ്പെടുത്തിയിട്ടില്ല എന്നും കമ്പനി അറിയിച്ചു.നൈട്രോസാമൈൻ മലിനീകരണത്തെത്തുടർന്ന് മുമ്പും ഫൈസർ, മെർക്ക്, സാൻഡോസ്, റൈസിംഗ് ഫാർമസ്യൂട്ടിക്കൽസ് തുടങ്ങിയ പ്രമുഖ കമ്പനികൾ മരുന്നുകൾ പിൻവലിച്ചിരുന്നു.


