ദുബായ് ∶യുഎഇയിലെ ആശുപത്രികളിൽ ഹൃദയാഘാതത്തെ തുടർന്ന് എത്തുന്ന രോഗികളിൽ പകുതിയോളം പേരും 50 വയസ്സിന് താഴെയുള്ളവരാണെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകി. പ്രവാസികളുൾപ്പെടെ ചെറുപ്പക്കാരിൽ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ വർധിക്കുന്നുവെന്നതിന്റെ സൂചനയാണ് പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.ലോക ഹൃദയദിനം ആചരിക്കുന്ന അവസരത്തിലാണ് ആരോഗ്യ രംഗത്തെ വിദഗ്ധർ ഈ ആശങ്ക പ്രകടിപ്പിച്ചത്. 15 വർഷങ്ങൾക്ക് മുൻപുമുതൽ തന്നെ യുഎഇയിലെ ഹൃദ്രോഗികളുടെ എണ്ണം ആഗോള ശരാശരിയേക്കാൾ കൂടുതലാണെന്ന് ക്ലിനിക്കൽ പഠനങ്ങൾ വ്യക്തമാക്കുന്നു.
മിഡിൽ ഈസ്റ്റ്, വടക്കേ ആഫ്രിക്ക, ദക്ഷിണേഷ്യ തുടങ്ങിയ മേഖലകളിൽ ഹൃദയാഘാതം ബാധിക്കുന്നവരുടെ ശരാശരി പ്രായം അഞ്ചു മുതൽ പത്ത് വയസ്സ് വരെ കുറഞ്ഞതായും പഠനങ്ങളിൽ പറയുന്നു.പ്രായം കുറഞ്ഞ പലരും ഹൃദ്രോഗസാധ്യതയെക്കുറിച്ച് ചിന്തിക്കാറുപോലുമില്ല. എന്നാൽ, ജീവിതശൈലി, ജോലിയിലെ സമ്മർദം, പുകവലി, മദ്യപാനം, അമിതഭാരം തുടങ്ങിയ ഘടകങ്ങൾ ചെറുപ്പക്കാരിലും ഗുരുതര രോഗങ്ങൾക്ക് വഴിവയ്ക്കുന്നുവെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.അതേസമയം, ദിനചര്യയിലെ ചെറിയ മാറ്റങ്ങൾ കൊണ്ടുതന്നെ രോഗസാധ്യത കുറയ്ക്കാമെന്ന് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. നിയമിത വ്യായാമം, ആരോഗ്യകരമായ ഭക്ഷണരീതി, പുകവലി, മദ്യപാനം ഒഴിവാക്കൽ എന്നിവയാണ് വിദഗ്ധർ നിർദ്ദേശിക്കുന്നത്.


