തണുപ്പുകാലത്ത് എന്തെങ്കിലും കഴിച്ചാൽ മതിയല്ല; ശരീരത്തെ സംരക്ഷിക്കുന്ന ഭക്ഷണങ്ങൾ ഇവ

ഹെൽത്ത്‌ ഡെസ്ക്:തണുപ്പുകാലത്തിന്റെ വരവോടെ ആരോഗ്യപ്രശ്നങ്ങൾ കൂടുതലായി അനുഭവപ്പെടുന്ന സാഹചര്യമാണുള്ളത്. ചുമ, പനി, ജലദോഷം, ശ്വാസംമുട്ടൽ തുടങ്ങിയ അസുഖങ്ങൾ ഈ കാലഘട്ടത്തിൽ സാധാരണമാണ്. അതിനാൽ തന്നെ ശരീരത്തിന് ചൂട് നൽകുകയും രോഗപ്രതിരോധശേഷി വർധിപ്പിക്കുകയും ചെയ്യുന്ന ഭക്ഷണക്രമം പിന്തുടരേണ്ടത് അനിവാര്യമാണെന്ന് ആരോഗ്യവിദഗ്ധർ അഭിപ്രായപ്പെടുന്നു.തണുപ്പുകാലത്ത് വിറ്റാമിൻ സി, ഡി, സിങ്ക്, ആന്റിഓക്സിഡന്റുകൾ, പ്രോട്ടീൻ, നല്ല കൊഴുപ്പ് എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ ശരീരാരോഗ്യം നിലനിർത്താനും ചർമ്മ സംരക്ഷണത്തിനും ഏറെ സഹായകരമാണ്.

Advertisements

ഇതോടൊപ്പം ദഹനവ്യവസ്ഥ ശക്തിപ്പെടുത്താനും സീസണൽ അണുബാധകൾ തടയാനും കഴിയുന്ന ഭക്ഷണങ്ങൾ തിരഞ്ഞെടുക്കണം.ശുദ്ധവും പ്രകൃതിദത്തവും പെട്ടെന്ന് ദഹിക്കുന്നതുമായ ഭക്ഷണങ്ങൾ ശരീരത്തിന്റെ പ്രതിരോധശക്തി വർധിപ്പിക്കും. പഴങ്ങൾ, പച്ചക്കറികൾ, ഉണങ്ങിയ പഴങ്ങൾ, നട്‌സ്, മുഴുധാന്യങ്ങൾ, ചില സുഗന്ധവ്യഞ്ജനങ്ങൾ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. പർപ്പിൾ, ചുവപ്പ്, ഓറഞ്ച് നിറങ്ങളിലുള്ള പഴങ്ങളും പച്ചക്കറികളും (തക്കാളി, ചുവന്ന ചീര, വയലറ്റ് കാബേജ്, മത്തങ്ങ, നാരങ്ങ, ഓറഞ്ച്) ആന്റിഓക്സിഡന്റുകളും വിറ്റാമിനുകളും ധാരാളമായി അടങ്ങിയവയാണ്.കടൽവിഭവങ്ങൾ, ചീര, പയർവർഗങ്ങൾ, നട്‌സ് എന്നിവ വൈറസ് അണുബാധകളെ പ്രതിരോധിക്കാൻ ശരീരത്തെ സഹായിക്കും. അയൺ, വിറ്റാമിൻ ബി എന്നിവ അടങ്ങിയ ഇലക്കറികൾ, പാൽ, മുട്ട, ചീസ്, കടല എന്നിവയും ദിവസേനയുള്ള ഭക്ഷണത്തിന്റെ ഭാഗമാക്കണമെന്ന് വിദഗ്ധർ നിർദേശിക്കുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ശരീരതാപം ഉയർത്തുന്ന ഭക്ഷണങ്ങൾ

തണുപ്പുകാലത്ത് ശരീരതാപം നിലനിർത്താൻ മണ്ണിനടിയിൽ വിളയുന്ന കിഴങ്ങുവർഗങ്ങൾ പ്രധാന പങ്ക് വഹിക്കുന്നു. ഉരുളക്കിഴങ്ങ്, മധുരക്കിഴങ്ങ്, ചേന, കാരറ്റ്, റാഡിഷ്, സവാള, വെളുത്തുള്ളി, ഇഞ്ചി എന്നിവയും ഗോതമ്പ്, ബ്രൗൺ റൈസ് പോലുള്ള ധാന്യങ്ങളും ഭക്ഷണത്തിൽ ഉൾപ്പെടുത്താം.പാചകത്തിൽ കുരുമുളക്, ഉലുവ, ഇഞ്ചി, വെളുത്തുള്ളി, മഞ്ഞൾപൊടി, ചുവന്നുള്ളി തുടങ്ങിയവ ഉപയോഗിക്കുന്നത് ജലദോഷം, ചുമ, കഫക്കെട്ട് എന്നിവയുടെ തീവ്രത കുറയ്ക്കാൻ സഹായിക്കും.

ജലപാനം അനിവാര്യം

ദാഹം കൂടുതലായി തോന്നിയില്ലെങ്കിലും ദിവസവും ഒന്നര മുതൽ രണ്ട് ലിറ്റർ വരെ വെള്ളം കുടിക്കണം. ശുദ്ധജലത്തിനൊപ്പം ചുക്കുകാപ്പി, ഗ്രീൻ ടീ, ഇഞ്ചി–പുതിന–തേൻ ചേർന്ന ചായ, കുരുമുളകും മഞ്ഞളും ചേർത്ത പാൽ എന്നിവയും ഉപകാരപ്രദമാണ്. അത്താഴത്തിന് മുൻപ് വെജിറ്റബിൾ സൂപ്പ് അല്ലെങ്കിൽ ചിക്കൻ സൂപ്പ് കഴിക്കുന്നത് ശരീരത്തിന് ഉന്മേഷം നൽകും.

വ്യായാമവും ഉറക്കവും മറക്കരുത്

ആരോഗ്യകരമായ ഭക്ഷണത്തിനൊപ്പം സ്ഥിരമായ വ്യായാമവും അനിവാര്യമാണ്. സൂര്യപ്രകാശം ലഭിക്കുന്നത് വിറ്റാമിൻ ഡി ശരീരത്തിൽ ഉത്പാദിപ്പിക്കാൻ സഹായിക്കും. യോഗ, പ്രാണായാമം, സൂര്യനമസ്കാരം തുടങ്ങിയ വ്യായാമങ്ങൾ ശ്വസനപ്രശ്നങ്ങൾ കുറയ്ക്കാൻ സഹായകരമാണ്. ദിവസവും കുറഞ്ഞത് അര മണിക്കൂർ ലഘുവ്യായാമവും ഏഴ് മണിക്കൂർ ഗുണമേൻമയുള്ള ഉറക്കവും ഉറപ്പാക്കണം.

ശുചിത്വവും മുൻകരുതലും പ്രധാനമാണ്

ഭക്ഷണത്തോടൊപ്പം തന്നെ വൃത്തിയുള്ള ജീവിതശൈലിയും ഏറെ പ്രാധാന്യമുള്ളതാണ്. പുറത്തുനിന്ന് ഭക്ഷണം കഴിക്കുമ്പോൾ പോഷകഗുണത്തോടൊപ്പം ശുചിത്വവും ഉറപ്പാക്കണം. വൃത്തിയുള്ള സാഹചര്യത്തിൽ കൃത്യമായ രീതിയിൽ പാചകം ചെയ്ത ഭക്ഷണം തിരഞ്ഞെടുക്കുകയും വ്യക്തിഗത ശുചിത്വം പാലിക്കുകയും ചെയ്താൽ പല രോഗങ്ങളും ഒരു പരിധിവരെ പ്രതിരോധിക്കാൻ കഴിയും. രോഗലക്ഷണങ്ങൾ തുടങ്ങുന്ന ഘട്ടത്തിൽ തന്നെ ഡോക്ടറുടെ നിർദ്ദേശപ്രകാരം ചികിത്സ തേടണമെന്നും ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

Hot Topics

Related Articles