ബുസാൻ :യുഎസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് ചൈനീസ് പ്രസിഡൻറ് ഷി ചിൻപിങ് എന്നിവരുമായി ഇന്ന് ദക്ഷിണ കൊറിയയിലെ ബുസാനിൽ കൂടിക്കാഴ്ച നടത്തും. ഏഷ്യ പസിഫിക് ഇക്കണോമിക് കോ-ഓപ്പറേഷൻ (എപെക്) ഉച്ചകോടിക്കിടെയായിരിക്കും ഈ ചരിത്രപരമായ യോഗം നടക്കുന്നത്.ഇരുരാജ്യങ്ങളുടെയും വ്യാപാരബന്ധം മെച്ചപ്പെടുത്തലാണ് പ്രധാന ലക്ഷ്യം. ചൈനീസ് സ്ഥാപനമായ ടിക് ടോക്ക് യുഎസ് കമ്പനികൾക്ക് വിൽക്കുന്നതുമായി ബന്ധപ്പെട്ട വിഷയം ചർച്ചയാവും.
ഇതോടൊപ്പം, ചൈനയിൽനിന്നുള്ള അപൂർവ ധാതു കയറ്റുമതി നിയന്ത്രണം മരവിപ്പിക്കുന്നതും, യുഎസിൽനിന്നുള്ള സെമി കണ്ടക്ടർ ചിപ് കയറ്റുമതി നിയന്ത്രണം എടുത്തുകളയുന്നതുമായി ബന്ധപ്പെട്ട പ്രധാന തീരുമാനങ്ങളും പ്രതീക്ഷിക്കപ്പെടുന്നു.തുടർന്ന്, ദക്ഷിണ കൊറിയൻ പ്രസിഡൻറ് ലീ ജെ മ്യങ്, ട്രംപിന് പരമോന്നത ബഹുമതിയും സ്വർണക്കിരീടവും സമ്മാനിച്ചു ആദരിച്ചു. എപെക് ഉച്ചകോടിയോട് അനുബന്ധിച്ച് നടക്കുന്ന ഈ കൂടിക്കാഴ്ച ലോകസമൂഹം ശ്രദ്ധയോടെ നിരീക്ഷിക്കുന്നു.

