ബേക്കൽ ബീച്ച് ഫെസ്റ്റിനിടെ ദുരന്തം:അനധികൃത പ്രവേശന ശ്രമം അപകടത്തിൽ കലാശിച്ചു;വേടന്റെ സംഗീത പരിപാടിക്കെത്തിയ യുവാവ് ട്രെയിൻ തട്ടി മരിച്ചു

ബേക്കൽ:ബേക്കൽ ബീച്ച് ഫെസ്റ്റിന്റെ ഭാഗമായി റാപ്പർ വേടന്റെ സംഗീത പരിപാടിയിൽ പങ്കെടുക്കാനെത്തിയ യുവാവ് ട്രെയിൻ തട്ടി മരിച്ചു. പൊയ്‌നാച്ചി പറമ്പ സ്വദേശി വേണുഗോപാലന്റെ മകൻ ശിവാനന്ദൻ (20) ആണ് മരിച്ചത്.മംഗളൂരു ഭാഗത്തേക്ക് പോവുകയായിരുന്ന തിരുനെൽവേലി–ജാംനഗർ എക്സ്പ്രസ് ട്രെയിനാണ് യുവാവിനെ ഇടിച്ചതെന്നാണ് പ്രാഥമിക വിവരം. ഇന്നലെ രാത്രി പത്ത് മണിയോടെ ഈ ഭാഗം കടന്നുപോയ ട്രെയിനിലെ ലോക്കോ പൈലറ്റാണ് റെയിൽവേ പാളത്തിൽ മൃതദേഹം കണ്ടത്. തുടർന്ന് വിവരം അധികൃതരെ അറിയിക്കുകയും മൃതദേഹം കാസർകോട് ജനറൽ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.

Advertisements

ബേക്കൽ ബീച്ച് ഫെസ്റ്റിന്റെ ഭാഗമായി ഇന്നലെ രാത്രി എട്ട് മണിക്കാണ് വേടന്റെ സംഗീത പരിപാടി നിശ്ചയിച്ചിരുന്നത്. സംഗീത പരിപാടി നടന്ന ബീച്ച് പാർക്കിലേക്ക് ബേക്കൽ റെയിൽവേ സ്റ്റേഷനിൽ നിന്ന് അനധികൃതമായി പ്രവേശിക്കാവുന്ന വഴികൾ റെയിൽവേ അധികൃതർ നേരത്തെ അടച്ചിരുന്നു. എന്നാൽ ഇത് മറികടന്ന് പാർക്കിലേക്ക് കയറാൻ ശ്രമിച്ചതിനിടെയാണ് അപകടം സംഭവിച്ചതെന്നാണ് സൂചന.ട്രെയിൻ ഇടിച്ച് മറ്റൊരു യുവാവിനും പരിക്കേറ്റതായാണ് വിവരം. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഒന്നര മണിക്കൂർ വൈകിയാണ് സംഗീത പരിപാടി ആരംഭിച്ചത്. ഈ സമയത്തിനിടെ വലിയ ജനക്കൂട്ടം പരിപാടി നടക്കുന്ന സ്ഥലത്തെത്തി. ടിക്കറ്റെടുക്കാതെയും നിരവധി പേർ പരിപാടിയിലേക്ക് കയറാൻ ശ്രമിച്ചതായാണ് സംഘാടകർ അറിയിച്ചത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പ്രതീക്ഷിച്ചതിലും വൻ ജനക്കൂട്ടമെത്തിയതോടെ സ്ഥലത്ത് വലിയ തിക്കും തിരക്കുമുണ്ടായി.വേദിയുടെ മുൻഭാഗത്തേക്ക് കയറാനുള്ള ശ്രമം സംഘർഷാവസ്ഥക്ക് കാരണമായി. കുട്ടികളുൾപ്പെടെ നിരവധി പേർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ ആരുടെയും നില ഗുരുതരമല്ലെന്നാണ് വിവരം.സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Hot Topics

Related Articles