പെരുമ്പാവൂർ :പലചരക്ക് വ്യാപാരത്തിന്റെ മറവിൽ ഹെറോയിൻ വ്യാപാരം നടത്തിയ സ്ത്രീയെ എക്സൈസും നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയും ചേർന്ന് പിടികൂടി. കണ്ടന്തറ ബംഗാൾ കോളനിയിൽ നിന്നാണ് കാരോത്തുകുടി വീട്ടിൽ സലീന അലിയാർ (52) നെ പിടികൂടിയത്.പരിശോധനയിൽ 66 ഗ്രാം ഹെറോയിൻ, 9.33 ലക്ഷം രൂപ, നോട്ടെണ്ണുന്ന യന്ത്രം, രണ്ട് മൊബൈൽ ഫോണുകൾ എന്നിവയും സംഘം പിടിച്ചെടുത്തു. ഹെറോയിൻ വിൽപ്പന നടത്തി കിട്ടിയ പണമാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.വീട്ടിൽ ചെറു ഡപ്പികളിൽ ഹെറോയിൻ നിറയ്ക്കുന്നതിനിടയിലാണ് പരിശോധന നടന്നത്. സലീനയ്ക്കൊപ്പം ഉണ്ടായിരുന്നവർ ഓടി രക്ഷപ്പെട്ടു.
അസമിൽ നിന്നാണ് മയക്കുമരുന്ന് എത്തിക്കുന്നതെന്ന് പ്രാഥമിക അന്വേഷണം വ്യക്തമാക്കുന്നു.പോലീസിനും എക്സൈസിനും വിവരങ്ങൾ താനാണ് നൽകുന്നതെന്ന് നാട്ടിൽ പ്രചരിപ്പിച്ചിരുന്നതായും ഉദ്യോഗസ്ഥർ അറിയിച്ചു.നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ ഉദ്യോഗസ്ഥരും കുന്നത്തുനാട് എക്സൈസ് സർക്കിള്‍ ഓഫീസ്, പെരുമ്പാവൂർ റേഞ്ച്, മാമല റേഞ്ച് എന്നിവിടങ്ങളിലെ സംഘവും ചേർന്നാണ് പരിശോധന നടത്തിയത്. കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് എക്സൈസ് വ്യക്തമാക്കി.


