ഹെൽത്ത് ഡെസ്ക്: നിപ വൈറസിനെതിരായ പോരാട്ടത്തില്‍ സ്വയം പര്യാപ്തത കൈവരിക്കാനുള്ള ശ്രമം ആരംഭിച്ച് ഇന്ത്യ. രാജ്യത്ത് ആവർത്തിച്ചുവരുന്ന നിപ വൈറസിനെതിരെ ഇന്ത്യ സ്വന്തമായി പ്രതിരോധ മരുന്നുകള്‍ നിർമ്മിക്കാൻ ഒരുങ്ങുകയാണ്.രാജ്യത്ത് ഇനി തദ്ദേശീയ മോണോക്ലോണല്‍ ആന്റിബോഡികള്‍ ഉത്പാദിപ്പിക്കുമെന്ന് ന്യൂഡല്‍ഹിയിലെ ഇന്ത്യൻ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസർച്ച് (ഐസിഎംആർ) പ്രഖ്യാപിച്ചു.ഓരോ ആഴ്ചയും ഒരു ദശലക്ഷം ഡോസുകള്‍ വീതം ഉത്പാദിപ്പിക്കുന്നതിനാണ് ഐസിഎംആർ ലക്ഷ്യമിടുന്നത്.
പുനെ ആസ്ഥാനമായുള്ള ഐസിഎംആർ-നാഷണല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി (എൻഐവി)യിലെ ശാസ്ത്രജ്ഞർ ഗവേഷണത്തെത്തുടർന്ന് ബിഎസ്‌എല്‍-4-ലെവല്‍ ലബോറട്ടറിയില്‍ നിപയ്‌ക്കെതിരെ തദ്ദേശീയമായ മോണോക്ലോണല്‍ ആന്റിബോഡികള്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്.നിപ വൈറസിന്റെ പ്രത്യേക ഭാഗങ്ങളെ ലക്ഷ്യം വച്ചുള്ളതും അണുബാധ തടയുന്നതുമായ പ്രത്യേക പ്രോട്ടീൻ തന്മാത്രകളാണ് മോണോക്ലോണല്‍ ആന്റിബോഡികള്‍. നിലവില്‍, നിപ വൈറസിന് വാക്സിനോ മരുന്നോ ലഭ്യമല്ല. അതിനാല്‍, മോണോക്ലോണല്‍ ആന്റിബോഡികളെ ഏറ്റവും ഫലപ്രദമായ ബയോതെറാപ്പിറ്റിക് പ്രതിവിധിയായി കണക്കാക്കുന്നു.


