കൊച്ചി: സേവ് ബോക്സ് ഓൺലൈൻ ആപ്പ് തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് നടൻ ജയസൂര്യയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) രണ്ടാംതവണയും ചോദ്യം ചെയ്തു. കൊച്ചിയിലെ ഇഡി ഓഫീസിലാണ് ചോദ്യം ചെയ്യൽ നടന്നത്.സേവ് ബോക്സ് എന്ന ഓൺലൈൻ ലേല ആപ്പിന്റെ ബ്രാൻഡ് അംബാസിഡറായി ജയസൂര്യക്ക് കരാർ ഉണ്ടായിരുന്നതായി ഇഡിക്ക് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും ചോദ്യം ചെയ്യലിന് വിളിപ്പിച്ചിരിക്കുന്നത്.സേവ് ബോക്സ് ആപ്പിന്റെ പേരിൽ വൻ സാമ്പത്തിക തട്ടിപ്പ് നടന്നതായി നേരത്തെ അന്വേഷണ ഏജൻസികൾ കണ്ടെത്തിയിരുന്നു.
വിവിധ ഇടങ്ങളിൽ സേവ് ബോക്സ് എന്ന പേരിൽ വ്യാപാര സ്ഥാപനങ്ങൾ ആരംഭിക്കാമെന്ന വാഗ്ദാനത്തിലൂടെ നിരവധി പേരിൽ നിന്നായി ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തെന്നാണ് കേസ്.ഇക്കേസിൽ തൃശൂർ സ്വദേശിക്കെതിരെ പൊലീസ് നേരത്തെ തന്നെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. തട്ടിപ്പുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിലും ബ്രാൻഡ് പ്രചാരണവുമായി ബന്ധപ്പെട്ട കാര്യങ്ങളിലുമാണ് ഇഡി പ്രധാനമായും അന്വേഷണം നടത്തുന്നത്.


