തിരുവനന്തപുരം:ശാസ്തമംഗലത്തെ എംഎൽഎ ഓഫീസ് ഒഴിപ്പിക്കൽ വിഷയത്തിൽ നിലപാട് മയപ്പെടുത്തി കൗൺസിലർ ആർ. ശ്രീലേഖ. വട്ടിയൂർക്കാവ് എംഎൽഎ വി.കെ. പ്രശാന്ത് നിലവിൽ പ്രവർത്തിക്കുന്ന കെട്ടിടത്തിൽ മൂന്നോ നാലോ മാസം കൂടി തുടരുന്നതിൽ തനിക്ക് എതിർപ്പില്ലെന്ന് ശ്രീലേഖ വ്യക്തമാക്കി.ഓഫീസ് ഒഴിയണമെന്ന് ആവശ്യപ്പെട്ട് എംഎൽഎ ഓഫീസ് സന്ദർശിച്ച് പ്രശാന്തുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് ശ്രീലേഖ നിലപാട് മാറ്റിയത്. തമ്മിൽ വ്യക്തിപരമായ പ്രശ്നങ്ങളൊന്നുമില്ലെന്നും വിവാദം അനാവശ്യമായി വളർന്നതാണെന്നും ശ്രീലേഖ പ്രതികരിച്ചു. പ്രശ്നം സൃഷ്ടിച്ചത് ശ്രീലേഖ തന്നെയാണെന്നായിരുന്നു പ്രശാന്തിന്റെ പ്രതികരണം.
രാവിലെ കോർപ്പറേഷൻ കെട്ടിടത്തിലെ ഓഫീസ് സന്ദർശിച്ച ശേഷവും എംഎൽഎ ഓഫീസ് ഒഴിയണമെന്ന നിലപാടിലായിരുന്നു ശ്രീലേഖ. എന്നാൽ പിന്നീട് ആവശ്യത്തിൽ നിന്നും പിന്മാറുകയായിരുന്നു.കെട്ടിടത്തിന്റെ പൂർണ്ണ അവകാശം തിരുവനന്തപുരം കോർപ്പറേഷനാണെന്നും യാചനാസ്വരത്തിലാണ് എംഎൽഎയോട് ഓഫീസ് ഒഴിയണമെന്ന് ആവശ്യപ്പെട്ടതെന്നും ശ്രീലേഖ പറഞ്ഞു.“പ്രശാന്ത് എന്റെ അടുത്ത സുഹൃത്താണ്. മകന്റെ വിവാഹം മണ്ഡപത്തിൽ നിന്ന് നടത്തി തന്നത് പ്രശാന്താണ്. സഹോദരതുല്യനാണ്. ഓഫീസ് കെട്ടിടവുമായി ബന്ധപ്പെട്ട് പലതവണ അദ്ദേഹത്തെ വിളിക്കാൻ ശ്രമിച്ചെങ്കിലും പഴയ നമ്പർ ആയതിനാൽ ലഭിച്ചില്ല. പിന്നീട് ഇരിക്കാൻ സ്ഥലമില്ലെന്നും ഓഫീസ് മാറി തരാനാകുമോയെന്നും ഫോണിൽ ചോദിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എംഎൽഎ ക്വാർട്ടേഴ്സിലേക്ക് മാറാമെന്ന നിർദേശവും താൻ അഞ്ച് വർഷം കൗൺസിലറായി തുടരേണ്ടതുണ്ടെന്നും പറഞ്ഞതായും ശ്രീലേഖ വ്യക്തമാക്കി. എന്നാൽ “പറ്റില്ല, ഒഴിപ്പിക്കാമെങ്കിൽ ഒഴിപ്പിച്ചോളൂ” എന്നായിരുന്നു പ്രശാന്തിന്റെ പ്രതികരണമെന്നും അവര്‍ കൂട്ടിച്ചേർത്തു.ഓഫീസ് സംബന്ധിച്ച് ഔദ്യോഗിക കരാർ നിലവിലുണ്ടോയെന്നതിൽ സംശയമുണ്ടെന്നും, കോർപ്പറേഷന്റെ സ്ഥലമായതിനാലാണ് എംഎൽഎ വാടക നൽകുന്നതെന്നും ശ്രീലേഖ പറഞ്ഞു.അതേസമയം ഓഫീസ് ഒഴിയില്ലെന്ന നിലപാടിൽ വി.കെ. പ്രശാന്ത് ഉറച്ച് നിൽക്കുകയാണ്.


