കോട്ടയം: തിരുവാതുക്കൽ ഇന്ദ്രപ്രസ്ഥത്തിൽ ദമ്പതിമാരെ കൊലപ്പെടുത്തിയ കേസിൽ പൊലീസിനു തിരിച്ചടി. കൊലപാതകത്തിന് കാരണമായി പൊലീസ് ചൂണ്ടിക്കാട്ടിയ മൊബൈൽ ഫോൺ മോഷണക്കേസിൽ അസം സ്വദേശിയായ പ്രതിയ്‌ക്കെതിരെ ചുമത്തിയ രണ്ടു വകുപ്പുകൾ കോടതി ഒഴിവാക്കി. കൊല്ലപ്പെട്ടവരുടെ മകന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച പ്രതിഭാഗം, ഇതു സംബന്ധിച്ചുള്ള സിബിഐ അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെ നടന്ന കൊലപാതകത്തിന്റെ ഗൂഡാലോചന അന്വേഷിച്ചില്ലെന്നും വാദിച്ചു. തിരുനക്കര ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമ തിരുവാതുക്കൽ ശ്രീവത്സത്തിൽ വിജയകുമാറിനെയും ഭാര്യ ഡോ.രാധാ വിജയകുമാറിനെയും കൊലപ്പെടുത്തിയ കേസിലാണ് ഇപ്പോൾ നിർണ്ണായകമായ വാദം ഉണ്ടായിരിക്കുന്നത്.
ഇരുവരെയും കൊലപ്പെടുത്തിയ അസം സ്വദേശി അമിത് ഉറാങ്ങിന് എതിരെ പൊലീസ് ആദ്യം ഒരു മോഷണക്കേസ് രജിസ്റ്റർ ചെയ്തിരുന്നു. വിജയകുമാറിന്റെ ആപ്പിൾ മൊബൈൽ ഫോൺ മോഷ്ടിച്ചെടുത്ത പ്രതി ഇതിൽ നിന്നും ഗൂഗിൾ പേ വഴി പണം തട്ടിയെടുത്തതായായിരുന്നു പൊലീസ് രജിസ്റ്റർ ചെയ്ത കേസ്. മൂന്നു വകുപ്പുകളാണ് വെസ്റ്റ് പൊലീസ് ഈ കേസിൽ രജിസ്റ്റർ ചെയ്തിരുന്നത്. മൊബൈൽ ഫോൺ മോഷ്ടിച്ചതിനും, വഞ്ചനയ്ക്കും ഒപ്പം ഐടി ആക്ട് കൂടിയാണ് പൊലീസ് ചേർത്തിരുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എന്നാൽ, ഇതിൽ വഞ്ചനയും ഐടി ആക്ടും ഒഴിവാക്കിയാണ് ഇപ്പോൾ കോടതി വിധി പറഞ്ഞിരിക്കുന്നത്. പ്രതിഭാഗം സമർപ്പിച്ച വിടുതൽ ഹർജിയിൽ വാദം കേട്ട കോട്ടയം മജിസ്‌ട്രേറ്റ് കോടതിയാണ് രണ്ടു വകുപ്പുകൾ കേസിൽ നിന്നും ഒഴിവാക്കിയത്. കഴിഞ്ഞ ഏപ്രിൽ മാസം 22 ആം തീയതി ആയിരുന്നു കേസിനാസ്പദമായ സംഭവം.
ദമ്പതിമാരുടെ കൊലപാതകത്തിന് ഉള്ള കാരണമായി പോലീസ് പറയുന്നത് ഈ മൊബൈൽ ഫോൺ മോഷണക്കേസ് ആണ്. കൊല്ലപ്പെട്ട വിശ്വനാഥന്റെ ഉടമസ്ഥതയിൽ ഉണ്ടായിരുന്ന ആപ്പിൾ ഫോൺ തട്ടിയെടുത്ത അമിത് രണ്ടരലക്ഷത്തോളം രൂപ ഈ ഫോൺ ഉപയോഗിച്ച് ട്രാൻസ്ഫർ ചെയ്തതായാണ് പൊലീസ് കേസ്.
ഈ കേസിൽ ദിവസങ്ങളോളം പ്രതി ജയിലിൽ ആവുകയും തുടർന്ന് ജാമ്യത്തിൽ ഇറങ്ങിയ പ്രതി, തനിക്കെതിരെ കേസ് കൊടുത്ത വൈരാഗ്യത്തിൽ ഇരുവരെയും കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പൊലീസ് കേസ്. കോട്ടയം അഡീഷണൽ സെഷൻസ് കോടതി നാല് ആണ് ഇരട്ട കൊലപാതക കേസ് പരിഗണിക്കുന്നത്. മോഷണക്കേസിൽ പോലീസിന്റെ അന്വേഷണത്തിൽ വന്ന വീഴ്ചകളും കുറ്റപത്രത്തിലെ പൊരുത്തക്കേടുകളുമാണ് പ്രതിഭാഗം ചൂണ്ടിക്കാട്ടിയത്. പ്രതിഭാഗത്തിന് വേണ്ടി അഡ്വ കെ എസ് ഗോകുൽ, അഡ്വ വിപിൻ എൻ നായർ, അഡ്വ.കുര്യൻ പി തോമസ്, അഡ്വ.കെസിയ ഇ അനിൽ, എന്നിവർ ഹാജരായി


