തിരുവനന്തപുരം:ലോകശ്രദ്ധാകേന്ദ്രമായ ശ്രീ പത്മനാഭ സ്വാമി ക്ഷേത്ര പരിസരത്ത് മണ്ഡലകാലത്ത് എത്തുന്ന അയ്യപ്പ ഭക്തർ കടുത്ത ദുരിതം അനുഭവിക്കേണ്ട അവസ്ഥ തുടരുന്നു. ഭക്തർക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളായ ശുചിമുറി സംവിധാനങ്ങളും വാഹന പാർക്കിങ് സൗകര്യങ്ങളും ഇല്ലാത്തത് പ്രതിഷേധത്തിനിടയാക്കുകയാണ്.മണ്ഡലകാലത്ത് ആയിരക്കണക്കിന് ഭക്തരാണ് പ്രതിദിനം ക്ഷേത്രത്തിൽ എത്തുന്നത്. എന്നാൽ വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള കൃത്യമായ ഇടങ്ങൾ നിർദേശിക്കാതെയാണ് പൊലീസ് നിയന്ത്രണം. പാർക്കിങ് സംബന്ധിച്ച് വിവരങ്ങൾ ചോദിക്കുന്ന ഭക്തരോട് “കന്യാകുമാരിയിലോ മറ്റ് ദൂരപ്രദേശങ്ങളിലോ വാഹനം പാർക്ക് ചെയ്യൂ” എന്ന തരത്തിലുള്ള അവഗണനാപരമായ പെരുമാറ്റമാണ് പൊലീസ് ഉദ്യോഗസ്ഥരിൽ നിന്ന് ഉണ്ടാകുന്നതെന്ന ആക്ഷേപവും ശക്തമാണ്.
പാർക്കിങ് ഏരിയയല്ലെന്ന് അറിയാതെ വാഹനങ്ങൾ നിർത്തുന്ന ഭക്തർക്കെതിരെ പിഴ ചുമത്തുന്നതും വ്യാപകമായ അസന്തോഷം സൃഷ്ടിച്ചിട്ടുണ്ട്. എല്ലാ വർഷവും ഇതേ പ്രശ്നങ്ങൾ ആവർത്തിക്കുന്നുണ്ടെങ്കിലും പരിഹാരം കാണാൻ അധികൃതർ തയ്യാറാകുന്നില്ലെന്ന പരാതിയാണ് പ്രദേശവാസികൾ ഉയർത്തുന്നത്.ഇതിനിടെ, പുതിയ മേയറായി അധികാരത്തിലേറിയ വി.വി. രാജേഷ് വിഷയത്തിൽ അടിയന്തര ഇടപെടൽ നടത്തുമെന്നും, പത്മനാഭ സ്വാമി ക്ഷേത്ര പരിസരത്തെ സൗകര്യക്കുറവുകൾക്ക് പരിഹാരം കാണുമെന്നും പ്രദേശവാസികൾ പ്രതീക്ഷ പ്രകടിപ്പിച്ചു.


